ന്യൂഡൽഹി: 114 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇവയിൽ 96 എണ്ണം നിർമിക്കുന്നത് ഇന്ത്യയിലാണ്. 18 വിമാനങ്ങൾ വിദേശത്തുനിന്നു വാങ്ങാനും തീരുമാനമായി. ‘ബൈ ഗ്ലോബൽ ആൻഡ് മെയ്‌ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഇവ സ്വന്തമാക്കുന്നത്.
യുദ്ധവിമാനങ്ങളുടെ തുക പകുതി ഇന്ത്യൻ കറൻസിയിലും ബാക്കി വിദേശ കറൻസിയിലുമാകും നൽകുക. 60 യുദ്ധവിമാനങ്ങളുടെ നിർമാണത്തിൽ കൂടുതൽ ഉത്തരവാദിത്തം ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കും. ഇവയ്ക്ക് ഇന്ത്യൻ കറൻസിയിൽ മാത്രമാവും പണം ചെലവിടുക. ഇതുവഴി പദ്ധതിയിൽ 60 ശതമാനം മെയ്ക് ഇൻ ഇന്ത്യ എന്ന ആശയം ഉറപ്പു വരുത്താനാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
ബോയിങ്, മിഗ്, ഇർകുട് കോർപ്പറേഷൻ, ഡാസോ ഏവിയേഷൻ തുടങ്ങി രാജ്യാന്തര രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ ടെൻഡർ നടപടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണി നേരിടാൻ കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യമാണെന്നാണ് ഇന്ത്യയുടെ വാദം.