62-ാം വയസ്സില്‍ സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കിയ അമ്മ, കണ്ടു കൊതിതീരും മുന്പ് ആ കുഞ്ഞിനെ വിധി തട്ടിയെടുത്തു; ഇന്ന് ആ അമ്മ ചലനശേഷി നഷ്ടമായി ആരോരുമില്ലാതെ ആശുപത്രി കിടക്കയില്‍

0

62-ാം വയസ്സില്‍ സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കിയ ഭവാനിയമ്മയെ ഓര്‍മ്മയില്ലേ ? കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് കേരളത്തില്‍ ഒട്ടുമിക്ക മാധ്യമങ്ങളിലും നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു അത് .ആ അമ്മയുടെ കാത്തിരിപ്പിന്റെ മധുരം ആയിരുന്നു കണ്ണന്‍ എന്ന പൊന്നോമന.പക്ഷെ മനുഷ്യന്‍ ആഗ്രഹിക്കുന്നത് പോലെയല്ലല്ലോ ദൈവം നിശ്ചയിക്കുന്നത് .ഈ അമ്മയുടെ കാര്യത്തില്‍ അത് അക്ഷരംപ്രതി സത്യമായി പോയി..

കൈവെള്ളയില്‍ ഓമനിക്കാന്‍ വെച്ചു കൊടുത്ത പൊന്നോമനയെ പക്ഷെ വിധി കവര്‍ന്നു ,അതും ഒന്ന് കണ്ടു കൊതി തീരും മുന്പ് തന്നെ ….രണ്ടു വയസ്സ് തികയും മുന്പേ വിധി ആ അമ്മയുടെ ഹൃദയം പറിച്ചെടുക്കും പോലെ അവനെ കൊണ്ട് പോയികളഞ്ഞു .പിന്നെ അങ്ങോട്ട്‌ ആ അമ്മയുടെ ജീവിതം ഒരു കണ്ണീര്‍ക്കടല്‍ തന്നെയായിരുന്നു .ഇന്ന് ആ  ഭാവാനിയമ്മ ആശുപത്രി ഐസിയുവില്‍  ചലനശേഷി നഷ്ടപ്പെട്ട് പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചു കഴിയുകയാണ് .ചിലരുടെ ജീവിതം കഥകളെക്കാള്‍ വിചിത്രം എന്ന് പറയുന്നത് എത്ര സത്യം ആണെന്ന് തോന്നും ഈ അമ്മയുടെ കഥ കേട്ടാല്‍ …ദേശീയ അധ്യാപക അവാര്‍ഡ് ജേത്രി കൂടിയായിരുന്നു ഒരിക്കല്‍ ഭവാനിയമ്മ.അനേകം കുട്ടികള്‍ക്ക്  അക്ഷരമധുരം പകര്‍ന്ന  ഭവാനിയമ്മ ഇന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ വയനാട്ടിലെ ഒരുകൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ കനിവില്‍ ആണ്  കഴിയുന്നത്.

സിനിമാക്കഥകളെ വെല്ലുന്ന ഒരു ജീവിതമാണ് ഈ അമ്മയുടെത്.മൂവാറ്റുപുഴ കാവുങ്കര ഇലാഹിയ എല്‍പി സ്കൂളിലെ അധ്യാപികയായിരുന്ന ഭവാനിയമ്മ .പതിനെട്ടാം വയസ്സില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്  സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോയി. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട അവരുടെ ദാമ്പത്യബന്ധത്തില്‍ സന്തോഷം നിറയ്ക്കാന്‍ ഒരു കുഞ്ഞുണ്ടായില്ല .ഇത് ജീവിതത്തിന്റെ താളം തെറ്റിച്ചു .ഭര്‍ത്താവ് മദ്യപാനിയായി . ജീവിതം നിരാശയില്‍ മുങ്ങിയ നാളുകള്‍  .ഒടുവില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അമ്മയാകാനും കുഞ്ഞിനെ മാറോടണയ്ക്കാനുമുള്ള മോഹം അവരെ രണ്ടാമതൊരു വിവാഹത്തിലേക്ക് നയിച്ചു.
പക്ഷേ ഈ ബന്ധവും സമ്മാനിച്ചത് നിരാശ മാത്രം. ഒടുവില്‍ ഭവാനിഅമ്മ  നിര്‍ബന്ധിച്ച് ഭര്‍ത്താവിനെ വേറെ വിവാഹം കഴിപ്പിച്ചു. പ്രതീക്ഷിച്ചപോലെ ഭര്‍ത്താവിന് രണ്ടാം  ഭാര്യയില്‍ കുഞ്ഞുണ്ടായി. പക്ഷേ കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവും രണ്ടാം ഭാര്യയും അനുവദിച്ചില്ല.

പിന്നെ ഉള്ള ഭവാനിയമ്മയുടെ ജീവിതം സ്കൂളും അവിടുത്തെ മക്കളുമായിരുന്നു .എല്ലാ സന്തോഷത്തിനും ഒരു അവസാനം ഉണ്ടാകും എന്നത് പോലെ ആ ദിവസം വന്നെത്തി ..തന്റെ അധ്യാപനജീവിതത്തിനു വിരാമമായത്തോടെ  തന്റെ  റിട്ടയര്‍മെന്റ് ജീവിതം  വിരസതയുടെയും ഒറ്റപ്പെടലിന്റെയും ദിനങ്ങലാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞു .ഈ സമയത്താണ് വീണ്ടും ഒരമ്മയാകാന്‍ ഉള്ള അതിയായ മോഹം ഭവാനിയമമയില്‍നിറഞ്ഞത്‌ .ആ അന്വേഷണം 2002 ഏപ്രില്‍ 23ന് തിരുവനന്തപുരം സമദ് ആശുപത്രിയില്‍ ഡോ. സതിപിള്ളയില്‍ എത്തിനിന്നു . കുഞ്ഞിനായുള്ള തന്റെ ആഗ്രഹം തുറന്നുപറഞ്ഞു. ഈ പ്രായത്തില്‍ ഗര്‍ഭിണിയായാലുള്ള ഭവിഷ്യത്തുകള്‍ ഡോക്ടര്‍ ബോധ്യപ്പെടുത്തിയെങ്കിലും ഭവാനി പിന്തിരിഞ്ഞില്ല.

തുടര്‍ച്ചയായ പരിശോധനകളും മരുന്നുകളും. ആര്‍ത്തവ വിരാമത്തെ തുടര്‍ന്ന് ചുരുങ്ങിയ ഗര്‍ഭപാത്രം വികസിപ്പിക്കുന്നതിന് ചികിത്സ തുടങ്ങി. ഏഴ് മാസം നീണ്ട ഹോര്‍മോണ്‍ ചികിത്സ ഫലം കണ്ടു. ലബോറട്ടറിയില്‍ സ്ത്രീയുടെ അണ്ഡവും പുരുഷബീജവും കൃത്രിമബീജസങ്കലനം നടത്തി വളര്‍ത്തിയെടുത്ത് തയ്യാറാക്കിയ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന ഐവിഎഫ് രീതിയാണ് സമദ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവലംബിച്ചത്. അങ്ങനെ എല്ലാ പ്രതിസന്ധികളും മറികടന്നു ഭവാനിയമ്മ കണ്ണന്റെ അമ്മയായി .സന്തോഷം അലതല്ലിയ ദിവസങ്ങള്‍.   പക്ഷെ ആ സന്തോഷങ്ങള്‍ക്ക്‌ ആയുസ്സ് വെറും രണ്ടു വര്ഷം മാത്രമായിരുന്നു . എന്നാല്‍ കളിക്കിടെ വെള്ളം നിറച്ച് വെച്ച ബക്കറ്റില്‍ വീണു കുഞ്ഞു മരിച്ചു . കളിപ്പാട്ടങ്ങളും കളിചിരികളും ബാക്കിവച്ച് കണ്ണന്‍ മടങ്ങിയപ്പോള്‍   ഭവാനിയമ്മ  വീണ്ടും തനിച്ചായി. മൂവാറ്റുപുഴയിലെ വീടുവിട്ട് കുമളിയിലേക്ക് താമസം മാറ്റി. പിന്നീടാണ് വയനാട്ടില്‍ താമസം ആരംഭിച്ചത് .അവിടെ കുഞ്ഞുങ്ങള്‍ക്ക്‌ ഗണിതാധ്യാപികയായും വയോജനവേദി പ്രവര്‍ത്തകയായും മറ്റും പൊതുരംഗത്ത് സജീവമായി. അതിനടിയില്‍ ആണ് വീണ്ടും ദുരന്തങ്ങള്‍ ആ അമ്മയെ തേടിയെത്തിയത് . ഒരു ദിവസം അവര്‍ കുഴഞ്ഞു വീണു .

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. കടുത്ത പ്രമേഹവും ആശങ്കയുളവാക്കുന്നുവെന്ന്  ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ പോലും പരസഹായം കൂടാതെ നിര്‍വഹിക്കാനാവാത്ത അവസ്ഥയില്‍ ആണ് ഇന്ന് ഭവാനിയമ്മ.രോഗവിവരം ബന്ധുക്കളെ അറിയിച്ചിട്ട് പോലും ഇത് വരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല .ചികിത്സയും സഹായവും എല്ലാം ഇപ്പോള്‍ ചില സാമൂഹിക പ്രവര്‍ത്തകരും വയോജനവേദി തുടങ്ങിയ സന്നദ്ധ സേവകരുമാണ് നടത്തുന്നത് .ഇപ്പോള്‍  പിണങ്ങോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി എസ് ചാരിറ്റബിള്‍ ട്രസ്റ്റ്   ആണ് ഈ അമ്മയുടെ കാര്യങ്ങള്‍ നോക്കുന്നത് .ഒരു സങ്കടക്കടല്‍ മുഴുവന്‍ 75 വയസ്സിനിടയില്‍ അനുഭവിച്ചു തീര്‍ത്ത ഈ അമ്മയ്ക്ക് ഇന്നും അറിയില്ല ജീവിതത്തില്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് …മുന്പ് പറഞ്ഞ പോലെ ചിലരുടെ ജീവിതം കഥകളെക്കാള്‍ വിചിത്രമായിരിക്കും എന്നത് എത്ര ശരി ….