അമ്മയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിട്ടും 107 ദിവസം അമ്മയുടെ ഉദരത്തിൽ സുരക്ഷിതനായി വളര്‍ന്ന കുഞ്ഞ്; 107 ദിവസം ജീവച്ഛവമായി കഴിഞ്ഞ ഒരമ്മയും

0

അമ്മയ്ക്ക് പകരം അമ്മ മാത്രമാണ് .തന്റെ ജീവന്‍ അവസാനിച്ചാലും അമ്മയുടെ ഉള്ളം കുഞ്ഞിനൊപ്പം ആണെന്ന് പറയുന്നത് വളരെ ശരിയാണെന്ന് തോന്നും ലോറൻകോ എന്ന കുഞ്ഞിന്റെ ജനനം.ഇന്നും ശാസ്ത്രത്തിനു പോലും അത്ഭുതമാണ് ഈ കുഞ്ഞു .107 ദിവസം ആണ് ഈ കുഞ്ഞു മസ്തിഷ്‌ക മരണം സംഭവിച്ച അമ്മയുടെ വയറ്റില്‍ കഴിഞ്ഞത് .

മസ്തിഷ്‌ക മരണം സംഭവിച്ച അമ്മയെ വെന്റിലേറ്ററിൽ സൂക്ഷിച്ച് 107 ദിവസം ഉദരത്തിൽ വളർത്തിയെടുത്ത കുഞ്ഞാണ് ലോറൻകോ. 37-കാരിയായ സാന്ദ്ര പെഡ്രോയെ ഫെബ്രുവരി 20-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണിക്കൂറുകൾക്കകം തന്നെ അവർക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു.
17 ആഴ്ച ഗർഭിണിയായിരുന്നു അവരപ്പോൾ. വയറ്റിലുള്ള കുഞ്ഞും മരിച്ചിരിക്കാമെന്നാണ് ഡോക്ടർമാർ ആദ്യം കരുതിയത്. എന്നാൽ കുഞ്ഞിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് മനസ്സിലായപ്പോൾ സാന്ദ്രയുടെ ശരീരം വെന്റിലേറ്ററിൽ സൂക്ഷിക്കാൻ അവർ തീരുമാനിച്ചു. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാനാകുമോ എന്ന് പരീക്ഷിക്കാനായിരുന്നു അത്.

ഒരു ജീവനുള്ള ഇൻക്യുബേറ്റർ പോലെ ആ കുഞ്ഞുശരീരം വളരാൻ സാന്ദ്രയുടെ ശരീരം വെന്റിലേറ്ററിന്റെ സഹായത്തോടെ മിടിച്ചുകൊണ്ടിരുന്നു. ട്യൂബിലൂടെ കുഞ്ഞിന് ആവശ്യമായതെല്ലാം വയറ്റിനുള്ളിൽ എത്തിച്ചുകൊണ്ടിരുന്നു. പിന്നീടുള്ള 15 ആഴ്ചകളിൽ സാന്ദ്രയുടെ ശരീരത്തിലും മാറ്റങ്ങൾ വന്നു.ഒരമ്മയുടെ എല്ലാ ശാരീരിക മാറ്റങ്ങളും അവള്‍ക്കും വന്നു .പക്ഷെ ഒന്നും അവള്‍ അറിഞ്ഞിരുന്നില്ല .

ലിസ്‌ബണിലെ സാൻഹോസ് ആശുപത്രിയിലെ ജീവനക്കാർ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ കരുതി. സാന്ദ്രയുടെ വയറ്റിൽ ഉഴിഞ്ഞുകൊടുത്തും പാട്ടുകൾ പാടിയും അവർ കുഞ്ഞിന് അമ്മമാരായി. കാത്തിരിപ്പിനൊടുവിൽ 107 ദിവസത്തിനുശേഷം സിസേറിയനിലൂടെ കുഞ്ഞിനെ അവർ പുറത്തെടുത്തു.
ജൂൺ ഏഴിനായിരുന്നു അത്ഭുത ജനനം സാധാരണ കുഞ്ഞുങ്ങളെപ്പോലെ വളർച്ചയുള്ള കുഞ്ഞായി അപ്പോഴേക്കും ലോറൻകോ മാറിയിരുന്നു. എന്നാൽ, കുഞ്ഞിന്റെ ജനനത്തിലുള്ള സന്തോഷം ആശുപത്രി ജീവനക്കാർക്ക് ആഘോഷിക്കാനായില്ലെന്ന് മാത്രം. ലോറൻകോയുടെ വരവറിയാതെ 107 ദിവസം ജീവച്ഛവമായി കഴിഞ്ഞ സാന്ദ്രയുടെ ശരീരത്തിന് ലോകം വിട്ടുപോകാൻ സമയമായിരുന്നു. വെന്റിലേറ്റർ ഓഫ് ചെയ്യാന്‍ സമയം അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുംബുകയായിരുന്നു .