ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ കാണികളില്‍ നിന്നും മികച്ച പ്രതികരണം. ഇന്ത്യ ഏറ്റവും കൂടുതല്‍ കാത്തിരുന്ന സിനിമകളിലൊന്നാണു സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്. സച്ചിന്റെ കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് ജീവനും ശ്വാസവുമായി മാറിയ യൗവനവും കടന്നു ക്രിക്കറ്റ് ജീവിതത്തിലെ അസ്വാരസ്യങ്ങളുമെല്ലാം സിനിമ പങ്കുവയ്ക്കുന്നുണ്ട്.
155 മിനുട്ടും സംഭവങ്ങള്‍കൊണ്ടു നിറഞ്ഞതാണെന്നും ഒരു സെക്കന്‍ഡ് പോലും ബോറടിക്കില്ലെന്നുമാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം. എന്നാല്‍, സിനിമയെ സൂഷ്മമായി നിരൂപണ ബുദ്ധിയോടു സമീപിച്ചവര്‍ മറിച്ചുള്ള അഭിപ്രായവും പങ്കിടുന്നുണ്ട്. ഇതു കുട്ടികള്‍ക്ക് ആവേശം പകരുന്ന ചിത്രമാണെന്നാണ് ഒരു വിലയിരുത്തല്‍. എങ്കിലും ഇത് ഒരിക്കലും നിരാശപ്പെടുത്താത്ത ചിത്രമാണെന്നും ചൂണ്ടിക്കാട്ടപെടുന്നു. ചിത്രത്തിന്റെ ദൃശ്യഭംഗിയാണ് മറ്റൊരു സവിശേഷത. പരാജയങ്ങളിലും ക്യാപ്റ്റനെന്ന നിലയിലുള്ള തകര്‍ച്ചയും കളിക്കളത്തിലെ ഒത്തുകളിയിലുള്ള നിരാശയും ഗ്രഗ് ചാപ്പലുമായുള്ള പ്രശ്‌നങ്ങളും ക്രിക്കറ്റ് ടീം നായകനായിരുന്ന അസ്ഹറുദീനുമായുള്ള പ്രശ്‌നങ്ങളുമെല്ലാം ചിത്രം വിഷയമാക്ക്ന്നുണ്ട്. എന്തായാലും കുട്ടികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയെന്നാണ് എല്ലാവരും ഒറ്റസ്വരത്തില്‍ പറയുന്നത്.