പോരൂര്‍ ഉണ്ണികൃഷ്ണനും, കല്പാത്തി ബാലകൃഷ്ണനും, ടീമംഗങ്ങളും ചേര്‍ന്നൊരുക്കുന്ന തായമ്പക സിംഗപ്പൂരില്‍. സിംഗപ്പൂര്‍ മലയാളി അസോസിയേഷനും, മുദ്ര കള്‍ച്ചറല്‍ സൊസൈറ്റിയും ചേര്‍ന്നാണ് കാന്‍ബറ കമ്മ്യുണിറ്റി ക്ലബില്‍ ജൂലൈ 1-ന് അവതരിപ്പിക്കുന്നത്.
കേരളത്തിന്‍റെ തനതായ കലാരൂപമാണ് തായമ്പക. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി ചെണ്ട, വീക്കുചെണ്ട, ഇലത്താളം എന്നിവയുമുണ്ടാകും. തായമ്പകയിൽ പ്രധാന ചെണ്ടവാദ്യക്കാർ ഒരു കൈയിൽ മാത്രം ചെണ്ടക്കോൽ ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോൽ കൊണ്ടും മറ്റേ കൈ കൊണ്ടും കൊണ്ട് ചെണ്ടയിൽ വീക്കുന്നു(അടിക്കുന്നു). ഇത് തായമ്പകയിലും ചില രീതിയിലുള്ള പഞ്ചാരിമേളങ്ങളിലും മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളിൽ രണ്ടു കൈയിലും ചെണ്ടക്കോൽ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി മനോധർമ്മപ്രകടനങ്ങളാണ് തായമ്പകയിൽ കാഴ്ചവക്കുന്നത്.
തായമ്പകയിൽ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരൻ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാർ (ചെണ്ടയും,വീക്കുചെണ്ടയും) അണിനിരക്കുന്നു.ഇടം തല ,വലം തല ചെണ്ടകളിൽ താളാംഗങ്ങൾ വായിക്കുന്ന തായമ്പകയ്ക്ക് മൂന്നോ നാലോ ഇലത്താളം വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതൽ 120 മിനിറ്റ് വരെ നീണ്ടു നിൽക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാർ അണിനിരക്കുന്ന തായമ്പകകൾ ഇക്കാലത്ത് സാധാരണമാണ്.
കേരളത്തിലെ പ്രഗത്ഭ തായമ്പക നിരയിലുള്ള പോരൂര്‍ ഉണ്ണികൃഷ്ണനും, കല്പാത്തി ബാലകൃഷ്ണനും ഇതാദ്യമായാണ് സിംഗപ്പൂരില്‍ തായമ്പക അവതരിപ്പിക്കുന്നത്. പത്തംഗ സംഘമാണ് ഇതിനായി സിംഗപ്പൂരില്‍ എത്തുന്നത്. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായാണ് ഇരട്ട തായമ്പക സിംഗപ്പൂര്‍ ആസ്വാദകര്‍ക്കായി ഒരുക്കുന്നത്.
ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: 9339 7522, 9450 8097