ഗൾഫ് രാജ്യങ്ങൾ ചരിത്രത്തിലാദ്യമായി ഉല്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇത് വരെ നികുതി പിരിക്കാതിരിക്കുന്ന രാജ്യങ്ങൾ അടുത്ത വർഷം മുതൽ വിവിധ ഉത്പന്നങ്ങൾക്ക് വാറ്റ് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യു എ .ഇയിൽ ജനുവരി ഒന്ന് മുതൽ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
അഞ്ചു ശതമാനമായിരിക്കും നികുതി. ഇതിനു മുന്നോടിയായി പുകയില ഉത്പന്നങ്ങളുടെ വില ഇരട്ടിയായും സോഫ്റ്റ് ഡ്രിങ്ക്സിന്റെ വില 50 ശതമാനവും വർധിപ്പിച്ചു. സൗദി അറേബ്യയും ജനുവരി ഒന്ന് മുതൽ വാറ്റ് ഈടാക്കാൻ തുടങ്ങും. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, എന്നെ രാജ്യങ്ങളും അടുത്ത വർഷം മുതൽ തന്നെ നികുതി ഏർപ്പെടുത്താൻ തീരുമാനമെടുത്തിട്ടുണ്ട്.
എണ്ണ വിലയിൽ സാരമായ ഇടിവുണ്ടായതിനെ തുടർന്ന് 2014 മുതൽ ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. സൗദി അറേബ്യ തീർത്ഥാടന ടൂറിസത്തെ കാര്യമായി പ്രോത്സാഹിപ്പിക്കുകയാണ്. ഹജ് യാത്രികരുടെ എണ്ണം വർധിപ്പിക്കുന്നതിനും അത് വഴി വരുമാനം ഉയർത്തുന്നതിനും അവർ ലക്ഷ്യമിടുന്നു. ചരിത്രത്തിലാദ്യമായി സൗദി അറേബ്യ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്മി ബഡ്ജറ്റാണ് അവതരിപ്പിച്ചത്. നേരത്തെ, ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറക്കുക, സബ്‌സിഡികൾ കുറക്കുക, ഇന്ധന വില ഉയർത്തുക തുടങ്ങിയ പല നടപടികളും സ്വീകരിച്ചുവെങ്കിലും വരുമാനം ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങൾ. ക്രൂഡ് ഓയിൽ വില മൂന്നിലൊന്നായി കുറഞ്ഞതോടെ പല അറബ് രാജ്യങ്ങളുടെയും വരുമാനം 30 മുതൽ 40 ശതമാനം വരെ കുറഞ്ഞതായാണ് കണക്ക്. അതുകൊണ്ട് കർശനമായ സാമ്പത്തിക നടപടികൾ കൈക്കൊള്ളണമെന്ന് ഐ. എം. എഫ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഈ രാജ്യങ്ങൾക്കു നിർദേശങ്ങൾ നൽകിയിരുന്നു . സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളിലെ പൗരന്മാർക്ക് നൽകി പോന്നിരുന്ന പല അനുകൂലങ്ങളും ഇതിനകം നിർത്തലാക്കിയിട്ടുണ്ട്. നികുതി കൂടി ഏർപെടുത്തുന്നതോടെ സാധന വില ഉയരുന്നത് ജീവിത ചെലവ് ഉയർത്തുമെന്ന് ഉറപ്പാണ്.