സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ശക്തമായ സ്‌ഫോടനം എന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അല്‍ അറബിയ്യ ചാനലാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്.
തൊട്ടുപിന്നാലെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. സൗദി തലസ്ഥാനം പുകയില്‍ നിറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് വാര്‍ത്തയില്‍ പറയുന്നു. ബാലസ്റ്റിക് മിസൈലാണ് റിയാദിലേക്ക് എത്തിയത്. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയും ഇക്കാര്യം ശരിവച്ചു. യമനിലെ ഹൂഥികളാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഹൂഥി വിമതര്‍ റിയാദിലേക്ക് തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ക്കുകയായിരുന്നു.
മിസൈല്‍ ആകാശത്ത് വച്ച് തകര്‍ത്തതിനെ തുടര്‍ന്നാണ് സ്‌ഫോടന ശബ്ദം കേട്ടതെന്നാണ് കരുതുന്നത്. സ്‌ഫോടന ശബ്ദം കേട്ട സ്ഥലത്ത് പുക നിറഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവച്ചു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. അല്‍ അറബിയ്യയും റോയിട്ടേഴ്‌സും നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെയായി തുടര്‍ച്ചയായ ആക്രമണങ്ങളാണ് റിയാദിന് നേരെയുണ്ടാകുന്നത്. ഹൂഥികള്‍ ഇറാന്‍ നല്‍കിയ മിസൈലുകളാണ് ഉപയോഗിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം.