കേട്ടിട്ട് ഞെട്ടണ്ട സംഗതി സത്യം തന്നെ. 25,999 രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ വെറും 499 രൂപയ്ക്ക് നല്‍കാമെന്ന ഓഫറുമായി ഹൈദരാബാദ് കമ്പനി. അതും ഒരു തവണ ചാര്‍ജ്ജു ചെയ്താല്‍ രണ്ടു ദിവസം വരെ ആയുസ് കിട്ടുന്ന ഫോണ്‍. ഹൈദരാബാദ് കമ്പനിയായ സ്മാട്രോണിന്റെ ടി.ഫോണ്‍ പി സ്മാര്‍ട്ട്ഫോണാണ് താരം.
കൊമേഴ്സ് വെബ്സൈറ്റ് വഴി ഈ ഫോണ്‍ 6,499 രൂപയ്ക്ക് വാങ്ങാനാകും. മറ്റൊരു സ്മാര്‍ട്ട്ഫോണുമായി എക്സേഞ്ച് ചെയ്താല്‍ ചിലപ്പോള്‍ വെറും 499 രൂപ മാത്രം മുടക്കിയാല്‍ മതിയാകുമെന്നാണ് വാഗ്ദാനം. 3 ജി റാം നല്കുന്ന ഫോണിന്റെ ഏറ്റവും വലിയ സവിശേഷത 5000 എംഎച്ച് നോണ്‍ റീമൂവബിള്‍ ബാറ്ററിയാണ്. ഒരു തവണ ചാര്‍ജ്ജു ചെയ്താല്‍ രണ്ടു ദിവസം വരെ ഉപയോഗിക്കാനാകുമെന്നാണ് അവകാശവാദം. 32 ജിബി ഇന്റേണല്‍ സ്റ്റോറേജിന് പുറമേ മൈക്രോ എസ്ഡി കാര്‍ഡിലൂടെ സ്റ്റോറേജ് കപ്പാസിറ്റി 128 ജിബിയിലേക്ക് ഉയര്‍ത്താനാകും. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഫ്ളിപ്പ് കാര്‍ട്ട് 10 ശതമാനം കൂടി ഡിസ്ക്കൗണ്ട് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
സെന്‍സറുകള്‍, റോബോടിക്സ് തുടങ്ങിയ മേഖലകളിലെ പ്രമുഖരായ ഹൈദരാബാദ് അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പാണ് സ്മാട്രോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സ്മാര്‍ട്ട്ഫോണുകളുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നില്‍ കടുത്ത മത്സരം അതിജീവിക്കാനാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. സച്ചിന് തെന്‍ഡുല്‍ക്കറാണ് കമ്പനിയുടെ ബ്രാന്റ് അംബാസഡര്‍. സച്ചിന്റെ ഓട്ടോഗ്രാഫും ഫോട്ടോയും പതിച്ച ഫോണും ലഭ്യമാണ്. ഷവോമി റെഡ്മീ 5എ, റെഡ്മീ വൈ1 സീരീസ്, മോട്ടറോള മോട്ടോ സി സീരീസ്, ലെനോവ കെ 8 സീരീസ് എന്നിവയാണ് വിപണിയില്‍ ടി ഫോണിന് ഏറ്റുമുട്ടേണ്ടി വന്നിരിക്കുന്ന ഫോണുകള്‍. സംഗതി വിജയിക്കുമോ ഇല്ലയോ എന്ന് ഇനി കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു എന്ന് മാത്രം.