മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് ഇന്ത്യ അടക്കമുള്ള 140 രാജ്യങ്ങളില്‍ നിന്നും ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരില്‍ പാലക്കാട് സ്വദേശിനി ഉള്‍പെടെ
4200 പേര്‍. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും 4200 പേരാണ് ചൊവ്വയില്‍ ആദ്യ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള സ്വപ്ന പദ്ധതിയുടെ ഭാഗമാകാനായി മുന്നോട്ടുവന്നത്.
ഈ പട്ടികയില്‍ ഒരു മലയാളിയുമുണ്ട്. പാലക്കാട്ടുകാരിയായ 22 കാരി ശ്രദ്ധ പ്രസാദ്. ഇതില്‍ നിന്നും തെരഞ്ഞെടുത്ത നൂറുപേരില്‍ നിന്നും 24 പേര്‍ക്കാണ് അവസാനഘട്ടത്തില്‍ പരിശീലനം നല്‍കുക.
പതിനെട്ട് വയസ്സിനു മുകളില്‍ വിവിധ പ്രായക്കാരാണ് സെമി ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നൂറുപേര്‍. ചെറു വിഡിയോക്കൊപ്പം ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിലും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു തിരഞ്ഞെടുപ്പ്. 2032ല്‍ ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുകയാണ് ഡച്ച് സ്ഥാപനമായ മാര്‍സ് വണിന്റെ ലക്ഷ്യം.
ചൊവ്വാ ദൗത്യത്തിന് മുന്‍പ് 2031ല്‍ മാര്‍സ് വണ്‍ ചൊവ്വയിലേക്ക് പോകാനായി തിരഞ്ഞെടുക്കപ്പെടുന്ന നാല് പേരെ ഒന്നരവര്‍ഷം നീണ്ടു നില്‍ക്കുന്ന ബഹിരാകാശ യാത്രയ്ക്കയക്കും. ബഹിരാകാശ യാത്രയുടെ വെല്ലുവിളികള്‍ മറികടക്കാന്‍ സഹായിക്കുന്നതിനാകും ഈ യാത്ര. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അതികഠിനമായ പരിശീലനത്തിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ടി വരും. കൂട്ടായി പ്രതിസന്ധികളെ തരണം ചെയ്യാനും സ്വന്തമായി ഭക്ഷണം കണ്ടെത്താനും സാങ്കേതിക വിദ്യകളെ എളുപ്പത്തില്‍ മനസ്സിലാക്കാനുമൊക്കെയുള്ള കഴിവുകള്‍ പരീക്ഷിക്കപ്പെടും. മാര്‍സ് വണ്ണിന്റെ ചൊവ്വാ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ പങ്കെടുക്കുന്ന ആര്‍ക്കും ഭൂമിയിലേക്ക് മടക്ക ടിക്കറ്റ് നല്‍കില്ലെന്നതാണ്. ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് ചൊവ്വയിലേക്ക് പോകുന്ന ഇവരുടെ യാത്ര ആത്മഹത്യാപരമാണെന്ന വിമര്‍ശനങ്ങള്‍ പലകോണില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.