സിഡ്നി: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന് സിഡ്നിയിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 7.50 മുതലാണ് മത്സരം. ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ ഇന്ന് ആദ്യ ഏകദിനത്തിനിറങ്ങുമ്പോൾ വിരാട് കോഹ്ലിയും കൂട്ടരും കഴിഞ്ഞയാഴ്ച നേടിയ ചരിത്ര നേട്ടത്തിന്റെ ആവേശത്തിലാണ്. ആസ്ട്രേലിയയെ ഫോളോ ഓൺ ചെയ്യിച്ച ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് വേദിയായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്നെ ആദ്യ മത്സരം എന്നത് ഇന്ത്യൻ പടയുടെ ആത്മധൈര്യം ഒന്നുകൂടെ കൂട്ടുന്നു. ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുത്തു. പിച്ചിൽ പച്ചപ്പുണ്ടെങ്കിലും സ്കോർ നിലവാരം ഉയരുമെന്നാണ് പ്രവചനങ്ങൾ.
സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ബാറ്റ്സ്മാന് ലോകേഷ് രാഹുലും ടീമിലില്ല എന്നതാണ് ഇന്ത്യയുടെ ഏക പ്രശ്നം. ഏകദിനത്തിൽ മുൻകാല ചാമ്പ്യൻമാരായ ഓസ്ട്രേലിയ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്ന് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറഞ്ഞു. ലോകകപ്പിന്റെ മുന്നൊരുക്കമായാണ് ഇരു ടീമുകളും ഈ പരമ്പരയെ കാണുന്നത്. ഓപ്പണര്‍മാരായി രോഹിത് ശര്‍മ, ശിഖര്‍ ധവാന് എന്നിവരും വണ്‍ഡൗണില്‍ കോലിയും സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഓൾ റൗണ്ടറുടെ റോളിൽ രവീന്ദ്ര ജഡേജ വന്നേക്കും. കുൽദീപ് യാദവിനൊപ്പം സ്പിൻ വിഭാഗത്തിലും ജഡേജയുടെ സേവനം ഉപയോപ്പെട്ടേക്കും.
പേസർമാരിൽ ഖലീൽ അഹമ്മദും മുഹമ്മദ് ഷമിയും ഇടംപിടിക്കും. മൂന്നാം പേസറെ ഉൾപ്പെടുത്താൻ നായകൻ വിരാട് കോഹ്ലി തീരുമാനിച്ചാൽ ഭുവനേശ്വർ കുമാറിനും വഴി തെളിയും. ബാറ്റിങ്ങിൽ ഓപ്പണിങ് സ്ഥാനത്തേക്ക് രോഹിത് ശർമയ്ക്കും ശിഖർ ധവാനും പകരക്കാരില്ല. കോഹ്ലിക്കു പിന്നിലായി മധ്യനിരയിൽ അമ്പാട്ടി റായുഡുവും കേദാർ ജാദവും എം.എസ്. ധോണിയും വരും. ഏറെ നാളായി ഫോമിലല്ലാത്ത ധോണിക്ക് പഴയ പ്രതാപത്തിലേക്കുയരാനുള്ള അവസരങ്ങളിലൊന്നാണിത്.
ഓസീസ് പടയിൽ ബാറ്റിങ് ലൈനപ്പിൽ സ്റ്റീവൻ സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും അഭാവം ഏകദിന പരമ്പരയിലും അവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം അലക്സ് കാരി ഓപ്പൺ ചെയ്യും. മധ്യനിരയിൽ ഉസ്മാൻ ഖ്വാജയും ഷോൺ മാർഷും പീറ്റർ ഹാൻഡ്സ്കോബും ഇറങ്ങും. മാർക്വസ് സ്റ്റോയിനിസിന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും സാന്നിധ്യം കങ്കാരുക്കളുടെ ബാറ്റിങ്ങിന് കറുത്ത കൂട്ടും .
ഇതുവരെ സിഡ്നിയിൽ 16 ഏകദിനങ്ങളിൽ ഇരുടീമും മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ 13 എണ്ണത്തിലും ആസ്ട്രേലിയക്കായിരുന്നു ജയം. മൂന്നെണ്ണത്തിൽ ഇന്ത്യ ജയിച്ചു. അവസാനം (2016) ഇവിടെ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു ജയം.