യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ആദ്യ ഗോള്‍ഡന്‍ കാര്‍ഡുകള്‍ ഇന്ത്യക്കാര്‍ക്ക്

0

ദുബായ്: പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിരതാമസാനുമതി നല്‍കുന്ന ഗോള്‍ഡന്‍ കാര്‍ഡുകള്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ലഭിച്ചു. ഇന്നലെയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗോള്‍ഡന്‍ കാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വാസു ഷാറൂഫ്, ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരിൽനിന്ന് കാർഡ് കൈപ്പറ്റിയത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യക്കാർ ഗോൾഡൻ കാർഡ് ഏറ്റുവാങ്ങിയത്.

നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമായിരിക്കും രാജ്യത്ത് ഗോള്‍ഡന്‍ കാര്‍ഡ് എന്നറിയപ്പെടുന്ന സ്ഥിര താമസാനുമതി ലഭിക്കുക. 10,000 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമുള്ള 6800 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സ്ഥിരതാമസ അനുമതി നല്‍കുകയെന്ന് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പ്രഖ്യാപനത്തോടൊപ്പം തന്നെ ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ നല്‍കാനുള്ള നടപടികള്‍ക്കും താമസ-കുടേയറ്റകാര്യ വകുപ്പ് തുടക്കം കുറിച്ചു.

യുഎഇയിലെ റീഗല്‍ ഗ്രൂപ്പ് ചെയര്‍മാനാണ് ശ്യാംദാസ് ഷ്റോഫ്. റിയല്‍എസ്റ്റേറ്റ്, ടെക്നോളജി, ടെക്സ്റ്റയില്‍സ് തുടങ്ങിയ രംഗങ്ങളില്‍ സംരംഭങ്ങളുള്ള അദ്ദേഹം 1960ലാണ് യുഎഇയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ദുബായിലെ ഖുഷി ജുവലറി ഉടമയും അല്‍ നിസാര്‍ ഫിലം കമ്പനി മാനേജിങ് ഡയറക്ടറുമാണ് ഖുഷി ഖത്‍വാനി. അദ്ദേഹവും 50 വര്‍ഷത്തോളമായി യുഎഇയില്‍ താമസിച്ചുവരികയാണ്. 1350 ദിര്‍ഹം ഫീസ് നല്‍കിയ ഉടന്‍ തന്നെ ഇരുവരുടെയും പാസ്‍പോര്‍ട്ടുകളില്‍ ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ പതിപ്പിച്ചുനല്‍കി.