യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ചു

0

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവ്‌രാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുപ്പത്തിയേഴുകാരനായ യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്.

വിരമിക്കല്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ യുവ്രാജ് സിങ് ബി.സി.സി.ഐയെ സമീപിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം.

ഏകദിന, ട്വന്റി20 ലോകകപ്പു നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായിരുന്നു യുവരാജ് സിങ്. 304 മത്സരങ്ങളില്‍ നിന്നും 8071 റണ്‍സാണ് യുവരാജിന്‍റെ സമ്പാദ്യം. ഇന്ത്യന്‍ ടീമിന്‍റെ പല ചരിത്ര നേട്ടങ്ങളിലും വലിയ പങ്ക് വഹിച്ച താരമാണ്.

2000 മുതല്‍ 2017 വരെ നീണ്ട 17 വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച താരമാണ് യുവി. ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ ടീമിലെടുത്തെങ്കിലും വെറും നാലു മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിച്ചത്. 2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആറ് പന്തുകളില്‍ ആറ് സിക്സറുകള്‍ പറത്തിയ ഇന്ത്യൻ ക്രിക്കറ്റിന്‍റെ സുവർണ്ണ താരമാണ് യുവി.

2011 ലോകകപ്പില്‍ ബാറ്റിങ്ങിലൂടെയും ബൌളിങ്ങിലൂടെയും തിളങ്ങി ലോകകപ്പിലെ താരമായി ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്തതിലും യുവി നിലനിന്നു. ഇനി ടി20 ലീഗുകളിലേക്ക് ശ്രദ്ധ ചെലുത്താനാകും യുവരാജ് ശ്രമിക്കുക. 2012ല്‍ ക്യാന്‍സറിനെ അതിജീവിച്ച് ലോകത്തിന് പ്രചോദനമായ യുവി എന്നും ഇന്ത്യക്ക് യുവരാജാവയിരുന്നു.