കെയ്റോ: അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസി (67) അന്തരിച്ചു. ചാരവൃത്തി കേസിലെ വിചാരണയ്ക്കിടെ കോടതിയിൽ കുഴഞ്ഞുവീണ മുർസിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈജിപ്തിന്റെ ഔദ്യോഗിക വാർത്താചാനലാണ് മരണവിവരം പുറത്ത് വിട്ടത്. പലസ്തീനിയൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായി ബന്ധപ്പെട്ട് ചാരപ്രവൃത്തി നടത്തിയെന്ന കേസിലെ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴാണ് മുഹമ്മദ് മുർസി കുഴഞ്ഞു വീണത്.
ഈജിപ്തിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഭരണാധികാരിയാണ് മുർസി. ചുമതലയേറ്റ് ഒരു വർഷത്തിന് ശേഷമുണ്ടായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ സൈന്യം അധികാരത്തിൽനിന്ന് പുറത്താക്കി. ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്വാനുൽ മുസ്ലിമൂന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനുമായിരുന്നു.
ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാർഥി മുഹമ്മദ് മുർസിയായിരുന്നു. 2012 ജൂൺ 24 ന് മുഹമ്മദ് മുർസി പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. മുർസി 2013 ജൂലൈ 4 ന് മുർസിയെ, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി, തടവിലാക്കി.
2013 ജൂലൈ 4-ന് അട്ടിമറിയിലൂടെ മുഹമ്മദ് മുർസിയെ പുറത്താക്കി സൈന്യം അധികാരം കയ്യടക്കി. ഇതിന് പിന്നാലെ നിരവധി കേസുകളിൽ മുർസി പ്രതിയായി. പലതിലും ശിക്ഷിക്കപ്പെട്ടു.