ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി ഡി.എം.കെ.യുടെ യുവജനവിഭാഗം സെക്രട്ടറിയായേക്കുമെന്ന് സൂചന. യുവജനവിഭാഗം സെക്രട്ടറിയായിരുന്ന മുൻമന്ത്രി വെള്ളക്കോവിൽ സ്വാമിനാഥൻ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദയനിധി സ്റ്റാലിൻ പാർട്ടിയുടെ നേതൃസ്ഥാനത്തെത്തുന്നത്. നീണ്ട 35 വര്‍ഷം സ്റ്റാലിന് വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് മകന് എത്തുന്നത്.
ഉദയനിധിയുടെ സ്ഥാനം സംബന്ധിച്ച് വ്യാഴാഴ്ച ഡി.എം.കെ. നേതാക്കള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഉദയനിധിയെ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചാല്‍, കരുണാനിധി കുടുംബത്തിലെ പാര്‍ട്ടിയുടെ പ്രധാന ചുമതലയേറ്റെടുക്കുന്ന നാലാമത്തെ അംഗമാകും ഇദ്ദേഹം. സ്റ്റാലിനും കനിമൊഴിക്കും അഴഗിരിക്കും ശേഷമാണ് കുടുംബത്തില്‍നിന്നും ഉദയനിധി എത്തുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ഡിഎംകെയുടെ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അദ്ദേഹം സജീവമായിരുന്നു. പാർട്ടിയുടെ മുഖപത്രമായ മുരശൊലിയുെട നടത്തിപ്പിലും അദ്ദേഹം പ്രധാന പങ്കുവഹിക്കുന്നു.
നിലവില്‍ കരുണാനിധി കുടുംബത്തിന്റെ കീഴിലുള്ള മുരശൊലി ട്രസ്റ്റിന്റെ മാനേജിങ് ഡയറക്ടറാണ് ഉദയനിധി. പാര്‍ട്ടിയുടെ മുഖപത്രമായ മുരശൊലിയുടെ നടത്തിപ്പിലും ഉദയനിധിയുടെ പങ്കുണ്ട്.
ജൂണിലാണ് മുന്‍മന്ത്രിയും ഡി.എം.കെ നേതാവുമായ വെള്ളക്കോവില്‍ സ്വാമിനാഥന് യൂത്ത് വിങ് സെക്രട്ടറി സ്ഥാനത്തുനിന്നും വ്യക്തിപരമായ കാര്യങ്ങളുന്നയിച്ച് രാജി വെച്ചത്.