ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് തോൽവി

0

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ പൊരുതി തോറ്റു.ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 18 റണ്‍സ് തോല്‍വി. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221-ന് പുറത്തായി. ഇതോടെ ന്യൂസിലന്‍ഡ് ലോകകപ്പിന്‍റെ ഫെെനലിലെത്തുന്ന ആദ്യ ടീമായി.

92 റണ്‍സില്‍ ആറാം വിക്കറ്റ് നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും എം.എസ് ധോനിയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ത്ത് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും 48-ാം ഓവറില്‍ ജഡേജയും 49-ാം ഓവറില്‍ ധോനിയും പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടു. 59 പന്തുകള്‍ നേരിട്ട ജഡേജ 77 റണ്‍സെടുത്തു. 72 പന്തില്‍ നിന്നും 50 റണ്‍സെടുത്ത ധോനി റണ്ണൗട്ടാകുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടത്തിൽ വന്‍ തകര്‍ച്ചയോടെയായിരുന്നു തുടക്കം. രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവരാണു തുടക്കത്തിൽ തന്നെ പുറത്തായത്. 25 ബോളുകളിൽ ആറു റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്ക് പുറത്തായി.ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ആറാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. 56 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി മിച്ചല്‍ സാന്റ്നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 62 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് ഹാര്‍ദിക് പാണ്ഡ്യ പുറത്തായത്.

92 റണ്‍സിന് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ രവീന്ദ്ര ജഡേജയും മഹേന്ദ്ര സിങ് ധോണിയും ചേര്‍ന്ന് 221 എന്ന ടോട്ടലിലെത്തിച്ചു. മഹേന്ദ്ര സിങ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, റിഷബ് പന്ത്, രവീന്ദ്ര ജഡേജയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.

മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച കിവീസ് ഇന്നിങ്സ് ആരംഭിച്ചത്.