2020 സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് കളിക്കാം; വിലക്ക് ഏഴു വര്‍ഷമായി കുറച്ച് ബിസിസിഐ

0

മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴുവർഷമായി കുറച്ച് ബിസിസിഐ. ഒത്തുകളി ആരോപണത്തില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്കാണ് കുറച്ചത്. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി കെ ജയിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഒത്തുകളി കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 2013ലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് . ഒപ്പം സഹതാരങ്ങളായ അജിത് ചാണ്ഡിലയേയും അങ്കിത് ചവാനേയും ബി.സി.സി.ഐ വിലക്കിയിരുന്നു.

ഒത്തുകളി കേസില്‍ കോടതി ശ്രീശാന്തിനെ നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിനെതിരെ ഒത്തുകളി ആരോപണമുയര്‍ന്നത്. ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത് തീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു. ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതി മൂന്നു മാസത്തെ സമയവും അനുവദിച്ചു. ഈ മൂന്നു മാസം അവസാനിച്ചതോടെയാണ് ബി.സി.സി.ഐ തീരുമാനം വ്യക്തമാക്കിയത്. കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സി.ഐയ്ക്ക്‌ വിടുകയായിരുന്നു.