കൊച്ചി: മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ ഒക്ടോബർ നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. നഗരസഭയ്ക്കാണ് പൊളിക്കലിന്റെ ചുമതല. ചീഫ് എൻജിനിയർ നൽകിയ രൂപരേഖ ചെറിയ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സർക്കാരിന് നൽകും. ഇതാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിനൊപ്പം നൽകുക. 60 ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാകും.
ഫ്ലാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്‌ഷനുകൾ ഉടൻ വിച്ഛേദിക്കാൻ ജലഅതോറിറ്റിക്കും കെഎസ്ഇബിക്കും സർക്കാർ നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് നിർണായക തീരുമാനമെടുത്തത്. ഇത് 3 ദിവസത്തിനകം നടപ്പാക്കാൻ മരട് നഗരസഭാ സെക്രട്ടറി നോട്ടിസ് നൽകി.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ നാല് ഫ്ലാറ്റുകൾ പൊളിക്കാൻ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം ഉന്നയിച്ചതോടെയാണ് സർക്കാർ നടപടികൾ ഊർജിതമാക്കുന്നത്.
ഇതിനിടെ പൊളിക്കേണ്ട ഫ്ലാറ്റുകളിലേക്കുമുളള വൈദ്യുതി ബന്ധവും പാചകവാതക വിതരണവും നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ ബന്ധപ്പെട്ടവർക്ക് കത്തുനൽകിയതിൽ കടുത്ത പ്രതിഷേധത്തിലാണ് ഫ്ലാറ്റുടമകൾ. വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള മരട് നഗരസഭയുടെ നീക്കം മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.
ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നഗസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് നൽകിയ ഹർജിയും ഹൈക്കോടതി തളളിയതോടെ സമരപരിപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.