ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ നേരത്തെ ജാമ്യം ലഭിച്ച ചിദംബരം ഇതോടെ ജയില്‍ മോചിതനാകും.
അന്വേഷണവുമായി സഹകരിക്കണമെന്നു സുപ്രീംകോടതി ചിദംബരത്തോടു നിര്‍ദേശിച്ചു. പാസ്‌പോര്‍ട് വിചാരണ കോടതിയിയില്‍ സമര്‍പ്പിക്കണമെന്നും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ പരസ്യ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും ജാമ്യം അനുവദിച്ച്‌ക്കൊണ്ട് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഐഎൻഎക്സ് മീഡിയ അഴിമതി സംബന്ധിച്ച സിബിഐ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിനു സുപ്രീം കോടതി ജാമ്യമനുവദിച്ചിരുന്നു. ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശത്തു നിന്നു നിക്ഷേപം തേടുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് അനുമതി നൽകിയതിൽ ധനമന്ത്രിയായിരുന്ന ചിദംബരം ക്രമക്കേടു നടത്തിയെന്നാണ് കേസ്.
തിഹാര്‍ ജയിലിലാണ് നിലവില്‍ അദ്ദേഹമുള്ളത്. ഓഗസ്റ്റ് 21-നാണ് സിബിഐ ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒക്ടോബര്‍ 22-ന് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തിന് പുറത്തിറങ്ങാനായിരുന്നില്ല. 106 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങാന്‍ പോകുന്നത്.