തിംഫു: പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും പരസ്‌പരം കണ്ടാൽ മിണ്ടാൻപോലും മടിക്കുന്ന ആളുകളാണെന്നാണ് മിക്ക ആളുകളുടെയും വിചാരം. എന്നാല്‍ ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍നിന്നുള്ള ഈ ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സിലാകും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഒരുമ. ദേശീയ ദിനാചരണത്തിന് വേണ്ടിയാണ് ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടേ ഷെറിങും പ്രതിപക്ഷ നേതാവ് പേമാ ഗ്യാംഷോയയും ഒന്നിച്ച് എത്തിയത്. ഈ കൂടി കാഴ്ചയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കയാണ്.
ലോതായ് ഷെറിങ്ങിന്റെ ഓഫീസ് തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് ഒരേ ഉരലില്‍ ഉലക്ക കൊണ്ട് ധാന്യമിടിക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ദേശീയ ദിനാചരണത്തിനായുള്ള പൂര്‍ണമായും പരമ്പരാഗത രീതിയിലുള്ള ഒരുക്കങ്ങളിലും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും തോളോട് തോള്‍ ചേര്‍ന്നതിനെതിരെ രൂക്ഷമായ വിമര്‍ശനമുയരുന്നതിനിടെയാണ് ഭൂട്ടാനില്‍ നിന്നുള്ള ഈ അപൂര്‍വ്വ സൗഹൃദത്തിന്‍റെ ചിത്രങ്ങള്‍ എത്തുന്നത്.