ഇന്ന് മുതൽ കേരളം ‘പ്ലാസ്റ്റിക് മാലിന്യ മുക്ത കേരളം’

0

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിനോട് കേരളം ഇന്ന് അർധരാത്രി വിടപറയും. 2020 ജനുവരി 1 മുതൽ കേരളത്തിൽ പ്ലാസ്റ്റിക് നിരോധനം. വ്യാപാരികളുടെ എതിർപ്പുണ്ടെങ്കിലും നിരോധനത്തിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ.

നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന പ്ളാസ്റ്റിക് ഇന്ന് മുതൽ നിരോധിക്കപ്പെട്ട ഉത്പന്നമാണ്. പ്ളാസ്റ്റിക് സംസ്കരിക്കാൻ ഇനി സർക്കാർ സംവിധാനമുണ്ടാകില്ല. പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാൽ ക്രിമിനൽ കുറ്റമാകും. 2016 ൽ 50 മൈക്രോണിന് താഴെയുള്ള പ്ളാസ്റ്റിക് വസ്തുക്കൾ നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു.

ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം.

നിരോധനം ബാധമാകുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇവ

  • പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ)
  • ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്സ്
  • കൂളിംഗ് ഫിലിം
  • പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍
  • ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍
  • പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ബൗള്‍
  • നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്,
  • പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍
  • കുടിക്കാനുള്ള പെറ്റ് ബോട്ടിലുകള്‍ (300 മില്ലിക്ക് താഴെ)
  • പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പി.വി.സി ഫ്ളക്സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്സ്

നിരോധനം നീക്കിയവ

  • ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം
  • മുൻകൂട്ടി അളന്നുവച്ച ധാന്യങ്ങൾ, പയർവർഗങ്ങൾ, പഞ്ചസാര എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ
  • മത്സ്യം, ഇറച്ചി, ധാന്യങ്ങൾ എന്നിവ തൂക്കം നിർണയിച്ച ശേഷം വിൽപനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവർ
  • ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങളുടെ പാക്കറ്റ്, ബ്രാൻഡഡ് ജ്യൂസ് പാക്കറ്റ് (കൈകാര്യച്ചെലവ് മുൻകൂറായി സർക്കാരിനു നൽകണം)
  • കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ
  • ആരോഗ്യപരിപാലനത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കൾ
  • കംപോസ്റ്റബിൾ വിഭാഗത്തിൽപ്പെടുന്ന പ്ലാസ്റ്റിക്

പ്ലാസ്റ്റിക്കിനു ബദലായി തുണിസഞ്ചികൾ വിപണിയിലെത്തിച്ച് കുടുംബശ്രീ. 3000 യൂണിറ്റുകൾ വഴിയാണ് തുണി, ചണം, പേപ്പർ സഞ്ചികൾ നിർമിക്കുന്നത്. 10 അപ്പാരൽ പാർക്കുകളിലെ 1000 സ്ത്രീകളെ ഇതിനായി ചുമതലപ്പെടുത്തി. വില 10–50 രൂപ. പാള പ്ലേറ്റ് ഉൾപ്പെടെ മറ്റു പ്രകൃതിസൗഹൃദ ഉൽപന്നങ്ങളുടെ നിർമാണവും വിതരണവും ഊർജിതമാക്കും.

നിരോധനം എന്തുകൊണ്ട്
സസ്യങ്ങൾക്കും ജന്തുക്കൾക്കുമെല്ലാം പ്ളാസ്റ്റിക് വലിയ ഭീഷണിയാണ്. മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ച് കൂടുതൽ ഈടുനിൽക്കുന്നതും സൂക്ഷ്മജീവികളുടെ പ്രവർത്തനംവഴി വിഘടിക്കാത്തതുമായതിനാൽ പ്ളാസ്റ്റിക്മാലിന്യങ്ങൾ വലിയ പരിസ്ഥിതിപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.ഇവ അലിഞ്ഞുചേരാതെ മണ്ണിൽക്കിടന്ന് വേരുകളെ തടയും. മണ്ണിലെ സുക്ഷിരങ്ങളെ അടയ്ക്കും. നീരൊഴുക്കും നിലയ്ക്കും. പ്ളാസ്റ്റിക് മൃഗങ്ങളുടെ വയറ്റിലെത്തിയാൽ ദഹനവ്യവസ്ഥ സ്തംഭിക്കും. കടലിൽ പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയാൽ കടൽജീവികളുടെ ആവാസവ്യവസ്ഥയും നശിക്കും. ഇനി പ്ളാസ്റ്റിക് കത്തിക്കാമെന്ന് വച്ചാൽ കാൻസർ ഉൾപ്പെടെ മാരകരോഗങ്ങൾക്കു കാരണമാകുന്ന വിഷവാതകമാകും പുറത്തുവരിക.

ശിക്ഷാനടപടികൾ
പ്ളാസ്റ്റിക് വിറ്റു എന്ന കുറ്റത്തിന് പ്രത്യേക ശിക്ഷയൊന്നുമില്ല, എന്നാൽ നിയമപരമായി നിരോധിക്കപ്പെട്ട വസ്തുക്കൾ വിറ്റഴിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇതിന് പ്രസ്തുത നിയമമനുസരിച്ചുള്ള ശിക്ഷ ലഭിക്കും. പതിനായിരം രൂപമുതൽ അരലക്ഷം രൂപവരെ പിഴയോ തടവോ രണ്ടുംചേർത്തോ ലഭിക്കാം.