വിമാനം വൈകി: ജീവനക്കാരെ കൈയേറ്റം ചെയ്ത് യാത്രക്കാര്‍

0

ന്യൂ ഡൽഹി: വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാന ജീവനക്കാരെ കൈയേറ്റം ചെയ്തു. ചിലസാങ്കേതിക തകരാറുകൾ മൂലമാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. ഴാഴ്ച ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുളള എയര്‍ ഇന്ത്യ ബോയിങ് 747 വിമാനത്തിലാണ് ഈ സംഭവം അരങ്ങേറിയത്.

സാങ്കേതിക കാരണങ്ങളാല്‍ യാത്ര ആരംഭിക്കാനാവാതെ വിമാനം റണ്‍വേയില്‍നിന്ന് തിരിച്ചുവരുമ്പോഴാണ് ജീവനക്കാരെ യാത്രക്കാർ കൈയ്യേറ്റം ചെയ്തത്. കോക്പിറ്റ് വാതിലില്‍ മുട്ടിയ ചില യാത്രക്കാര്‍ പൈലറ്റിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പിടിഐ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.

പൈലറ്റ് പുറത്തിറങ്ങിയില്ലെങ്കില്‍ കോക്പിറ്റ് വാതില്‍ പൊളിക്കുമെന്ന്‌ ഒരു പുരുഷ യാത്രക്കാരന്‍ ഭീഷണിപ്പെടുത്തിയെന്നും, പ്രധാന വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട്‌ ഒരു വനിതാ യാത്രാക്കാരി കാബിന്‍ ക്രൂ അംഗങ്ങളെ കൈയേറ്റം ചെയ്‌തെന്നും എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ കാബിന്‍ ക്രൂ അംഗങ്ങളോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഡിജിസിഎ വ്യോമയാന അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.