ഇന്നലെ നാമെല്ലാം ഉണർന്നത് ദാരുണമായ ഒരു അപകട വർത്തകേട്ടുകൊണ്ടാണ്. അതെ, കോയമ്പത്തൂരിനടുത്തുള്ള അവിനാശു എന്ന സ്ഥലത്തു നടന്ന ബസ്സപകടംതന്നെ. പത്തൊൻപതു പേരുടെ മരണവാർത്ത യഥാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. തന്റേതായ കാരണംകൊണ്ടല്ലാതെ ഒന്നുമറിയാതെ റോഡിൽ പൊലിയുന്ന ജീവിതങ്ങൾ. ആരുടെയോ ഒരു കൈപ്പിഴ അല്ലെങ്കിൽ അശ്രദ്ധ.
അനന്തരഫലമോ, ഒരുപാടുപേരുടെ സ്വപ്നങ്ങളുടെ അന്ത്യവും.
ഇന്നു ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിക്കുന്ന ‘പകർച്ചവ്യാധി’ വാഹനാപകടം തന്നെയാണ്. അതിൽ കൂടുതലും ഇരുചക്രവാഹനങ്ങൾ സൃഷ്ടിക്കുന്നവയുമാണ്.
കേരളത്തിൽ ഒരു വർഷം എലിപ്പനിയോ ഡെങ്കിപ്പനിയോ നിപ്പയോ എച്ച് 1 എൻ 1 ഓ സൃഷ്ടിക്കുന്നതിനേക്കാൾ കൂടുതൽ മരണങ്ങൾ സൃഷ്ടിക്കുന്നത് വാഹനാപകടങ്ങളാണ്.
ഓരോ മരണങ്ങളും ഓരോ കുടുംബത്തെയാണ് ബാധിക്കുന്നത്. ശേഷപത്രം, അനാഥമായ കുഞ്ഞുങ്ങളോ അച്ഛനോ അമ്മയോ ആയിരിക്കും. ബന്ധുക്കളും കൂട്ടുകാരും അല്പനാളുകൾക്ക് ശേഷം എല്ലാം മറക്കുന്നു.
എങ്ങനെ മരണങ്ങൾ കുറയ്ക്കാം എന്നത് ഇന്ന് ഒന്നോ രണ്ടോ ചാനൽ ചർച്ചകളിൽ മാത്രമൊതുങ്ങുന്നു. വാഹനാപകടങ്ങൾമൂലമുള്ള മരണസംഖ്യ കൂടുന്നതല്ലാതെ എപ്പോഴെങ്കിലും കുറഞ്ഞതായി കണ്ടിട്ടിട്ടുമില്ല.
ഇന്ന് മിക്ക വികസിത രാജ്യങ്ങളും ഒരു അപകടം സംഭവിച്ചാൽ അതിന്റെ കാരണങ്ങൾ അന്വേഷിച്ചു ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടുന്ന തുടർ നടപടികൾ ഉടനെത്തന്നെ ചെയ്യാറുണ്ട്. അവികസിത/വികസ്വര രാജ്യങ്ങളിൽ അതൊക്കെ ചെയ്യുന്നുണ്ടെങ്കിലും പരിഹാര നടപടികൾ വികസിത രാജ്യങ്ങളെ പോലെ അത്ര വേഗത്തിൽ പൂർത്തീകരിക്കുകയോ പ്രാബല്യത്തിൽ വരുത്തുകയോ ചെയ്യുന്നില്ല എന്നള്ളത് ആവർത്തിച്ചുള്ള അപകടങ്ങളിൽകൂടി കാണാവുന്നതാണ്. മാത്രമല്ല നടപടികളും പരിഹാരങ്ങളും കണ്ടെത്തിയാൽകൂടി അത് ശരിക്ക് പാലിക്കുന്നുണ്ടോ എന്നു പലരും പരിശോധിക്കാറില്ല എന്നു തന്നെ പറയാം. അതിനു ഏറ്റവും വലിയ ഉദാഹരണമാണ്, നമ്മുടെ നാട്ടിലെ ഗ്യാസ് ടാങ്കറുകളുടെ ആവർത്തിച്ചുള്ള ചെറുതും വലുതുമായ അപകടങ്ങൾ. കണ്ണൂരിലെ ദാരുണമായ ഗ്യാസ് ടാങ്കർ അപകടത്തിനുശേഷം അത്ര വലിയ രീതിയിൽ അപകടം നടന്നില്ലെങ്കിലും നിരവധി തവണ ഗ്യാസ് ടാങ്കർ അപകടം നടന്നിട്ടുണ്ട്. ഭാഗ്യം കൊണ്ടുമാത്രം പലപ്പോഴും രക്ഷപെട്ടുവെന്നു പറയാം. ഇന്നത്തെ കണ്ടെയ്നർ ലോറിയപകടവും അത്തരത്തിലുള്ള ഹ്യൂമൻ എറർ തന്നെയാകാനാണ് സാധ്യത.
ഡ്രൈവർമാരുടെ ഉറക്കം എന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ്. എല്ലാവരും അത് ഒരിക്കൽ കൂടി ഓർക്കേണ്ടതാണ്. ഇത്തരം രാത്രിയാത്രകളിൽ ഒറ്റ ഡ്രൈവറെ വച്ചുള്ള കളികൾ ഒഴിവാക്കേണ്ടതുതന്നെയാണ്.
മറ്റൊന്ന്, കണ്ടെയ്നറുകൾ ലോഡ് ചെയ്തതിനു ശേഷമുള്ള ലോക്കിങ് സിസ്റ്റമാണ്. ഇത് ശരിക്ക് ചെയ്യാറുണ്ടോ എന്നും ആരെങ്കിലും ചെക്ക് ചെയ്യാറുണ്ടോ എന്നും അറിയില്ല. ലോക്ക് ചെയ്യാതെയിരുന്നാൽ പെട്ടെന്ന് ബ്രേക്ക് ഇട്ടാൽ കണ്ടെയ്നർ മുന്നോട്ടു നീങ്ങി ഡ്രൈവറുടെ ക്യാബിനിൽ ഇടിക്കും. ഇത് ചിലപ്പോൾ ഡ്രൈവറുടെ ജീവനെടുക്കും. ഇനിയതല്ല, വളവുകളിലാണെങ്കിൽ ഡ്രൈവർ ചിലപ്പോൾ രക്ഷപ്പെട്ടു ട്രക്കിൽ നിന്നു കണ്ടെയ്നർ അൺ ലോഡായി റോഡിലേക്ക് തെറിച്ചുവീഴാൻ സാധ്യതയുണ്ട്. അങ്ങനെവരുമ്പോൾ റോഡിലുള്ള മറ്റു വാഹനങ്ങളെയോ അല്ലെങ്കിൽ മറ്റുവസ്തുക്കളെയോ കാൽനട യാത്രക്കാരെയോ ആയിരിക്കാം ഇതു ബാധിക്കുക. ഇതിന്റെ തീവ്രത സ്പ്പീഡിനെ ആശ്രയിച്ചായിരിക്കുംഎന്നു മാത്രം.
ഇപ്പോൾ നടന്നിട്ടുള്ള അപകടത്തിൽ കണ്ടെയ്നർ ലോക്ക് ചെയ്തിരുന്നോ എന്നത് അധികൃതർ cചെക്ക് ചെയ്യേണ്ടിയിരിക്കുന്നു.
മിക്കപ്പോഴും ലോക്ക് ചെയ്യാതെ വരുമ്പോഴാണ് കണ്ടെയ്നർ മാത്രം തെറിച്ചു പോവുന്നത്. അല്ലാത്തപക്ഷം ട്രൈലെർ അടക്കമോ അല്ലെങ്കിൽ ലോറിയുടെ ക്യാബിൻ അടക്കമോ മറിയേണ്ടതായിരുന്നു. ഇവിടെ കണ്ടെയ്നർ മാത്രമാണ് പുറത്തേക്കു പോയത് എന്നാണ് കാണാൻ കഴിയുന്നത്. നാലു
കോർണറിലും ഉള്ള ലോക്ക് ഇട്ടിരുന്നെങ്കിൽ തീർച്ചയായും കണ്ടെയ്നർ മാത്രം
തെറിച്ചുപോകില്ല എന്നത് ഉറപ്പുള്ള കാര്യമാണ്.
കണ്ടെയ്നർ ട്രെയിലറിൽ കയറ്റിയതിനു ശേഷം ലോക്ക് ശരിക്കിട്ടോ എന്നു കണ്ടെയ്നർ ലോഡ് ചെയ്യുന്നവരോ ഡ്രൈവറോ ചെക്ക് ചെയ്തു ഉറപ്പു വരുത്തേണ്ട ഒരു ഘടകമാണ്.
ആരുതന്നെ ലോഡ് ചെയ്താലും യാത്ര ആരംഭിക്കുന്നതിനു മുന്നേ ലോറിയുടെ ഡ്രൈവർ ഇത് ഉറപ്പുവരുത്തിയതിനു ശേഷമേ ലോറി മുന്നോട്ടെടുക്കാവു. അത് അദ്ദേഹത്തിന്റെകൂടി സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. നേരെയുള്ള റോഡിൽ സഡൻ-ബ്രേക്ക് ഇട്ടാൽ കണ്ടെയ്നർ മുന്നോട്ടു നിരങ്ങി ക്യാബിനിൽ ഇടിച്ചു ഡ്രൈവറുടെ കഥ കഴിക്കും എന്നോർക്കുക. ശരിയായ രീതിയിൽ ലോക്കിട്ടാൽ പൊതുവെ ഇങ്ങനെയുള്ള അപകടം ഒഴിവാകും. പൊതുജനവും ഡ്രൈവറും രക്ഷപ്പെടുകയും ചെയ്യും.
ഇപ്പോൾ നടന്ന ഈ ദാരുണ സംഭവം ഭാവിയിൽ സംഭവിക്കാതിരിക്കാൻ ഈ ഒരപകടം പാഠമാവട്ടെ. ലോകത്തു എല്ലായിടത്തും അപകടങ്ങളിൽ കൂടി തന്നെയാണ് എപ്പോഴും പാഠങ്ങൾ പഠിക്കുന്നത്. ഈ കാര്യത്തിലും ഒരു Fishbone diagram വച്ചുള്ള അന്വേഷണം നടത്തി പരിഹാരം കാണാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.
ഈ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.