കേരളത്തില്‍ 9 പേര്‍ക്കു കൂടി കൊറോണ; ആകെ രോഗം 112 പേർക്ക്

0

തിരുവനന്തപുരം: പുതുതായി സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കോവിഡ് 19സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. 12 പേരുടെ രോഗം സുഖപ്പെട്ടു. കോഴിക്കോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ട ജില്ലയിൽ രണ്ട് പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേർ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിൽ. 542 പേർ ആശുപത്രികളിൽ. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു. സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് കോണ്ടാക്ട് മൂലമാണ്.

ഫ്രാന്‍സില്‍നിന്നുള്ള കൊറോണ ബാധിതനൊപ്പം സഞ്ചരിച്ച ഒരു ടാക്‌സി ഡ്രൈവര്‍ക്കാണ് എറണാകുളത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍. പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പകര്‍ച്ച വ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളും വ്യക്തികളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമം. ഇതനുസരിസംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാം. പൊതു, സ്വകാര്യ ഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം, സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡം കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാനിറ്റൈസറുകൾ നിർമിക്കാനും മറ്റ് അനുബന്ധ എട്ട് വിഭാഗം മരുന്നുകളും ഉത്പാദിക്കാൻ അസംസ്കൃത വസ്തുക്കൾ വാങ്ങാൻ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ഇളവ് നൽകും. കളക്ടർമാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായും വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിച്ചിരുന്നു. വീടുകളിൽ കഴിയുക എന്നത് പ്രധാനമാണ്. സാധാരണയിൽ കവിഞ്ഞ ഇടപെടൽ പൊലീസിന് നടത്തേണ്ടി വരും. റോഡുകളിലും പൊതുസ്ഥലങ്ങളിലും ആളുകൾ കൂടരുത്.

പൊലീസാണ് ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കേണ്ടത്. തിരിച്ചറിയൽ കാർഡോ പാസ്സോ ഇല്ലെങ്കിൽ എന്തിനാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് അന്വേഷിക്കും. ന്യായമായ, ഒഴിച്ചുകൂടാത്ത കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ മതി. മരുന്ന് വാങ്ങുക, പ്രായമായവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുക – എന്നിങ്ങനെ അത്യാവശ്യങ്ങൾക്കേ ഇളവുള്ളൂ.

അത്യാവശ്യമല്ലാത്ത പരിപാടികളും മാറ്റിയേ തീരൂ. ഇത് നടപ്പാക്കൽ ജില്ലാ പൊലീസ് മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായും ഇത് പ്രശ്നങ്ങളുണ്ടാക്കും. അത്തരം പ്രശ്നങ്ങൾ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ധാരണയോടെ കൈകാര്യം ചെയ്യണം