പ്രവാസികളെ തിരികെയെത്തിക്കാന്‍ നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

0

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമാണ് കപ്പലുകള്‍ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമാണ് കപ്പലുകള്‍ പുറപ്പെട്ടത്. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക് ഒരു കപ്പലുമാണ് യാത്ര തിരിച്ചിരിക്കുന്നത്.

തീര കടലിൽ ഉണ്ടായിരുന്ന കപ്പലുകളെ പ്രവാസികളെ തിരികെയെത്തിക്കാന്‍ നിയോഗിച്ചതായി നാവികസേന അറിയിച്ചു. കൊച്ചിയിലേക്കാണ് പ്രവാസികളുമായി കപ്പല്‍ എത്തിച്ചേരുക. ഐഎന്‍എസ് മഗര്‍ എന്ന കപ്പലാണ് മാലദ്വീപിലേക്ക് പുറപ്പെട്ടത്. ദുബായില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി അയച്ചിരിക്കുന്നത് ഐഎന്‍എസ് ഷര്‍ദുല്‍ എന്ന കപ്പലാണ്.

ഐഎന്‍എസ് മഗറും ഐഎന്‍എസ് ഷര്‍ദുലും ദക്ഷിണ നാവിക സേനയുടെ കപ്പലുകളാണ്. കേന്ദ്ര നിര്‍ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കപ്പലുകള്‍ യാത്ര തിരിച്ചിരിക്കുന്നത്. കപ്പലുകൾ രണ്ടു ദിവസത്തിനകം ദുബൈയിലും മാലിദ്വീപിലും എത്തുമെന്ന് നാവിക സേന അറിയിച്ചു. സാധാരണഗതിയില്‍ ഒരു കപ്പലിൽ 500-600 പേർക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര പേരെ ഉള്‍ക്കൊള്ളിക്കാമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

നാല്പത്തിയെട്ട് മണിക്കൂര്‍ ആണ് മാലദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താന്‍ ഉള്ള സമയം. അത്ര തന്നെ സമയം ദുബായിലേക്കുമുണ്ട്. കാലവര്‍ഷത്തിന് മുമ്പ് ഉള്ള സമയം ആയതിനാല്‍ കടല്‍ ക്ഷോഭത്തിന് ഉള്ള സാധ്യത ഉണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇ മെയില്‍ മുഖേനെ അറിയിക്കും. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെ ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്.

മാലിയില്‍ നിന്ന് 700 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കാനുള്ളതെന്നാണ് വിവരം. മെയ് എട്ടിന് ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചിയിലെത്തും. കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം കൊറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ വഹിക്കണം.

പതിനാല് ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കുമെന്നും വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യം യുഎഇയില്‍ നിന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കപ്പല്‍ പുറപ്പെട്ടിരിക്കുന്നത്. കപ്പലുകള്‍ക്ക് പുറമെ വിമാനമാര്‍ഗത്തിലൂടെയും ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മെയ് എഴിന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് അബുദാബി, ദുബായ് എന്നീവിമാനത്താവങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കും. കേരളത്തില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം നേരത്തെ സജ്ജമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യത്തെ വിമാനങ്ങള്‍ കേരളത്തിലേക്ക് ആക്കിയത്.