സിംഗപ്പൂര്‍: വധശിക്ഷ സംബന്ധിച്ച നിയമത്തില്‍ വരാനിരിക്കുന്ന ഭേദഗതി ജീവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയില്‍ സിംഗപ്പൂര്‍ ജയിലില്‍ ഒരു മലയാളി കഴിയുന്നു. ലൈംഗികത്തൊഴിലാളിയെ ഹോട്ടല്‍മുറിയില്‍ കുത്തിക്കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ബിജുകുമാറി(36)ന് നിര്‍ദിഷ്ട നിയമഭേദഗതി തുണയായേക്കും.
കൊലപാതകം, മയക്കുമരുന്നുകടത്ത് എന്നീ കുറ്റങ്ങള്‍ക്ക് സിംഗപ്പൂരില്‍ വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷയില്ലെന്ന വകുപ്പാണ് പാര്‍ലമെന്റില്‍ ഭേദഗതിക്ക് വന്നിരിക്കുന്നത്. നിലവില്‍ കൊലക്കേസില്‍ പ്രതി കുറ്റക്കാരനാണെന്നു കണ്ടാല്‍ വധശിക്ഷതന്നെ ലഭിക്കും.
2010 മാര്‍ച്ചില്‍ റോസിലിന്‍ റെയെസ് പാസ്‌കുവ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് തുറമുഖ ജീവനക്കാരനായിരുന്ന ബിജുകുമാര്‍ അറസ്റ്റിലാകുന്നത്. ലൈംഗികത്തൊഴിലാളിയായ പാസ്‌കുവയുമായി പണസംബന്ധമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. യുവതിയുടെ കൊലപാതകത്തിനുശേഷം അവരുടെ മൊബൈല്‍ഫോണും രക്തം പുരണ്ട കറന്‍സിയും സഹിതം ബിജുകുമാറിനെ അറസ്റ്റുചെയ്യുകയായിരുന്നു.
ബിജുകുമാര്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ വാക്കേറ്റത്തെത്തുടര്‍ന്ന് യുവതി പ്രകോപിപ്പിച്ചപ്പോഴാണ് തനിക്ക് ആക്രമിക്കേണ്ടിവന്നത് എന്നാണയാള്‍ പറയുന്നത്. കീഴ്‌ക്കോടതി കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ ബിജുകുമാര്‍ നല്‍കിയ അപ്പീല്‍ വെള്ളിയാഴ്ച അപ്പീല്‍കോടതിയും തള്ളി.
ചില കുറ്റങ്ങള്‍ക്ക് വധശിക്ഷ നിര്‍ബന്ധമാക്കുന്ന നിയമം ഭേദഗതിചെയ്യാനുള്ള നീക്കം സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ നടക്കുന്നുണ്ട്. ഈ ഭേദഗതി നിലവില്‍ വന്നാല്‍ ബിജുകുമാറിന്റെ വധശിക്ഷ ജീവപര്യന്തമാകാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നു. എന്നാല്‍ കൊടിയ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിലാണ് സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാകാന്‍ കാരണമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.