പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് സര്‍ക്കാര്‍ പരിഗണനയില്‍ -എം.കെ. രാഘവന്‍

0

ദുബായ് : പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത് കേരള സര്‍ക്കാറിന്‍റെ  സജീവ പരിഗണനയിലുണ്ടെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും  കോഴിക്കോട് എം.പിയും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ)യുടെ കേരളത്തിലെ  കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ചെയര്‍മാനുമായ എം.കെ. രാഘവന്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ എഫ്.സി.ഐയുടെ ഭക്ഷ്യസംഭരണ ശേഷി വര്‍ധിപ്പിക്കാന്‍  കോഴിക്കോട്ടും കൊച്ചിയിലും സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കാത്തത് വലിയ പ്രശ്നമാണ്. ഇതിനുവേണ്ടി വര്‍ഷങ്ങളായി ശ്രമിക്കുന്ന നിരവധി പേരുണ്ട്. റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ള പ്രധാന വ്യവസ്ഥ തുടര്‍ച്ചയായി ആറു മാസം നാട്ടില്‍ സ്ഥിരതാമസം വേണമെന്നാണ്. പക്ഷേ, ഇങ്ങനെ താമസിക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കില്ല.ഈ സാഹചര്യത്തില്‍ ആറു മാസം താമസിക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കഴിഞ്ഞ പ്രവാസി ഭാരതീയ ദിവസില്‍ നടന്ന ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡിന്‍െറ കാര്യത്തില്‍ പി.ബി.ഡിയിലെ നിരവധി പ്രതിനിധികള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതോടൊപ്പം, നിലവില്‍ കാര്‍ഡുള്ളവരില്‍ നല്ലൊരു ശതമാനം പേരെയും എ.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ പ്രശ്നവും പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രവാസികളില്‍ 90 ശതമാനത്തിനും കുറഞ്ഞ വരുമാനമാണ്. പക്ഷേ, വിദേശത്താണെന്ന കാരണത്താലാണ് ഇവരെ എ.പി.എല്‍ വിഭാഗത്തിലാക്കുന്നത്. ഇത് ഒഴിവാക്കാനാണ് ശ്രമം.
 
എഫ്.സി.ഐക്ക് കേരളത്തില്‍ സംഭരണശേഷി കുറവാണ്. അതേസമയം, സംസ്ഥാന സര്‍ക്കാറിനും ഈ സൗകര്യമില്ലാത്തതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. ഇതിന്‍െറ പേരില്‍ എപ്പോഴും പഴികേള്‍ക്കുന്നത് എഫ്.സി.ഐയാണ്. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടും കൊച്ചിയിലും സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. റെയില്‍വേയോട് ചേര്‍ന്ന് ഇതിനുവേണ്ടി ഭൂമി കണ്ടെത്താന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തി. 25,000 ടണ്‍ ശേഷിയാണ് ഓരോ കേന്ദ്രത്തിലുമുണ്ടാകുക. ഇതിനുപുറമെ, എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും 5,000 ടണ്‍ ശേഷിയുള്ള സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഗോഡൗണുകള്‍ നിര്‍മിക്കുക. ഭക്ഷ്യധാന്യങ്ങള്‍ കേരളത്തില്‍ കൃത്യമായി എത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും നിരീക്ഷിക്കുകയുമാണ് സമിതിയുടെ ചുമതല. ഇത് ഭംഗിയായി നിറവേറ്റുന്നുണ്ട്-എം.കെ. രാഘവന്‍ പറഞ്ഞു.