റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സൗദിയില്‍ നിന്ന് വിദേശത്തേക്ക് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്.
എന്നാല്‍ വിദേശത്തുനിന്നും സൗദിയിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കാര്യം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സര്‍ക്കുലറില്‍ സൂചന നല്‍കിയിട്ടുമില്ല. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ് വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന് വ്യക്തമാക്കിയിട്ടുള്ളത്.
നിലവിൽ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. വിമാനങ്ങളിലെ ജോലിക്കാര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വിമാനത്തില്‍നിന്നും ജോലിക്കാര്‍ പുറത്തിറങ്ങരുത്. വിമാനത്താവളത്തിലെ ഗ്രൗണ്ട്, ഓപ്പറേഷന്‍ ജോലിക്കാര്‍ എന്നിവരുമായി അടുത്തിടപഴകരുത്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത വകഭേദം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് സൗദിയില്‍ നിന്നും യാത്രാനുമതി ഉണ്ടായിരിക്കില്ല.
ജനിതക മാറ്റാം വന്ന പുതിയ കൊവിഡ് വൈറസ് ചില രാജ്യങ്ങളിൽ പടർന്നുപിടിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ച മുമ്പ് മുഴുവൻ അന്താരാഷ്ട്ര വിമാന സർവിസുകൾക്കും സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. ഒരാഴ്ചയിലേക്കായിരുന്നു താത്കാലിക വിലക്ക്. ആ ഒരാഴ്ച തികയുന്ന ഞായറാഴ്ചയാണ് സൗദി സ്വദേശികളല്ലാത്തവർക്ക് യാത്ര അനുവദിച്ചുകൊണ്ടുള്ള ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് വന്നിരിക്കുന്നത്.