കണ്ടു മടുത്ത പോലീസ് കഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി അതിഭാവുകത്വം ഇല്ലാതെ, സ്ലോ-മോഷനും അവിശ്വസനീയമായ ആക്ഷന്‍ രംഗങ്ങളും ഇല്ലാതെ പോലീസിന്റെ ജോലിയും സ്വകാര്യ ജീവിതവും കോര്‍ത്തിണക്കി അവരുടെ ഇടയിലെ സൗഹൃദത്തിന്റെ കൂടി കഥ പറയുന്ന സിനിമയാണ് റോഷന് ആന്‍ഡ്രൂസിന്റെ “മുംബൈ പോലിസ്”. സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഒരു പോലീസ് ഉദ്യോഗസ്ഥന് ആര്യന് ജോണ്‍ ജേക്കബിന്റെ കൊലപാതക അന്വേഷണമാണ് കഥയെങ്കിലും ഒരിക്കല്‍ കൊലപാതകിയെ കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥന് എ സി പി ആന്റണി മോസസ് ഒരു അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ കാലത്തെ പല സംഭവങ്ങളും മറന്നു പോകുന്നതും അയാളില്‍ നിഷിപ്തമായ അതെ അന്വേഷണം വീണ്ടും നടത്തുന്നതുമാണ് കഥ.
പോലീസ് കമ്മീഷണര്‍ ഫര്ഹാന്(റഹ് മാന്‍), അസി.പോലിസ് കമ്മീഷണര്‍മാരായ ആന്റണി മോസസ്(പ്രിഥ്വി രാജ്), ആര്യന് ജോണ്‍ ജേക്കബ്(ജയസൂര്യ) എന്നിവര്‍ ഔദ്യോഗിക ജീവിതത്തിനു പുറത്തും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. ഇവര്‍ മൂവരും പൂര്‍വകാലത്ത് മുംബൈയില്‍ സേവനമനുഷ്ടിച്ചിരുന്നവര് ആയതു കൊണ്ടു കൂടി “മുംബൈ പോലിസ്” എന്നൊരു വട്ടപ്പേരിലാണ് ഈ മൂവര്‍ സംഘം അറിയപ്പെട്ടിരുന്നത്. ചെറുപ്പത്തിലെ മാതാവ് നഷ്ടപ്പെട്ട ആര്യന് ജോണ്‍ ജേക്കബിന്റെ പിതാവിന്റെ സ്വാര്‍ത്ഥമായൊരു ആഗ്രഹം മാത്രമാണ് ആര്യന് ജോണ്‍ ജേക്കബിനെ ഐ.പി.എസ് ബിരുദധാരിയാക്കിയത്. എന്നാല്‍ ബിസിനസ്സില്‍ മാത്രം പൂര്‍ണ്ണ ശ്രദ്ധ കൊടുക്കുകയും മകന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒട്ടും വില കല്പിക്കാതിരിക്കുകയും ചെയ്ത പിതാവിന്റെ സ്വഭാവം മനസ്സില്‍ വല്ലാത്തൊരു ഒറ്റപ്പെടല്‍ സൃഷ്ടിച്ചിരുന്ന ആര്യന് എന്നും സന്തോഷങ്ങള്‍ നല്‍കിയിരുന്നത് കാലാകാലങ്ങളില്‍ തനിക്ക് വന്ന് ചേര്‍ന്ന സുഹൃത്തുക്കള്‍ ആയിരുന്നു.
ഇതില്‍ ഏറ്റവും എടുത്തു പറയേണ്ടുന്ന കഥാപാത്രം പ്രിഥ്വിരാജിന്റെ ആന്റണി മോസസ് ആണ്. അപകടത്തിനു മുന്‍പുള്ള ആന്റണി മോസസ് A യും ശേഷമുള്ള ആന്റണി മോസസ് B യും. ഈ രണ്ട് കഥാപാത്രങ്ങളുടെ സൃഷ്ടിയിലും അവതരണത്തിലും വന്നിരിക്കുന്ന വ്യത്യാസങ്ങള്‍ വളരെ ചിന്തനീയമാണ്. സ്വഭാവത്തിലും ശീലങ്ങളിലും പാടെ വിപരീതമായി ചിത്രീകരിച്ച തിരക്കഥ അഭിനന്ദനമര്‍ഹിക്കുന്നു. ആന്റണി മോസസ് A യുടെ സ്വഭാവത്തില്‍ പുകവലി, മദ്യപാനം തുടങ്ങി കുറെ ദൂഷ്യവശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അപകട ശേഷമുള്ള ആന്റണി മോസസ് B യുടെ സ്വഭാവത്തില്‍ ആ ദൂഷ്യവശങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല. ഇവിടെ തിരക്കഥാകൃത്തുക്കള്‍ കൈമാറാന്‍ ഉദ്ദേശിക്കുന്ന ഒരു വലിയ സന്ദേശമുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം ഉടലെടുക്കുന്നതില്‍ അവന് വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്നതാണ്. പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട ബാല്യത്തില്‍ സഹോദരിയെയും കൈപിടിച്ച് ഒറ്റയ്ക്ക് ജീവിച്ച ബാല്യകാലത്തില്‍ തെറ്റും ശരിയും തിരിച്ചറിയാതെ മാനസികോല്ലാസത്തിന് താന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍ ആയിരുന്നു ആന്റണി മോസസ് A യുടെ സ്വഭാവ വൈകല്യങ്ങളെങ്കില് രണ്ടാം വരവില്‍ അത്തരമൊരു ഫ്ലാഷ് ബാക്ക് ഓര്‍മ്മയില്ലാത്ത B യ്ക്ക് അങ്ങനെ ഒരു വഴി ആവശ്യമായി വരുന്നില്ല. ആന്റണി മോസസിന്റെ പൌരുഷവും ആരെയും കൂസാത്ത കരുത്തുറ്റ സ്വഭാവവുമാണ് അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ട വിവരം രഹസ്യമായി സൂക്ഷിക്കാനും അദ്ദേഹത്തെ തന്നെ കുറ്റാന്വേഷണം രണ്ടാമതും ഏല്‍പ്പിക്കാന്‍ കമ്മീഷണര്‍ ഫര്ഹാന് തയ്യാറാവുന്നതും.. കേരളാ പോലീസിന്റെ എത്തിക്സിന് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കുന്ന ഒരു കഥാപാത്രമായിരുന്നു കുഞ്ചന്‍ ചെയ്ത സുധാകരന് നായര്‍..
ശക്തമായ തിരക്കഥയുടെ പിന്‍ബലം, സംവിധാനത്തിന്റെ പൂര്‍ണ്ണത, അഭിനേതാക്കളുടെ സെലക്ഷന്, അപ്രതീക്ഷിതമായ ക്ലൈമാക്സ് എന്നിവ പൂർണ്ണമായും ഈ ചിത്രത്തിന്റെ വിജയത്തിന് നല്ലൊരു പങ്ക് വഹിച്ചു.