വികസനത്തിന് വേണ്ടി കാശുമുടക്കാന്‍ മടിയില്ലെന്ന് സിംഗപ്പൂര്‍ വീണ്ടും തെളിയിക്കുന്നു.60 മീറ്റര്‍ റോഡിന്‍റെ വീതി കുറച്ചു 30 മീറ്റര്‍ ആക്കുവാന്‍ കേരളം പോലുള്ള സ്ഥലങ്ങളില്‍ ആളുകള്‍ ബഹളമുണ്ടാക്കുമ്പോള്‍ വികസനത്തിന് ആവശ്യമെങ്കില്‍ കടലിനടിയിലൂടെ വരെ റോഡുകള്‍ നിര്‍മ്മിക്കണമെന്ന് തെളിയിക്കുകയാണ് സിംഗപ്പൂര്‍ .വെറും 5 കിലോമീറ്റര്‍ എക്സ്പ്രസ്സ്‌വേയ്ക്ക് സിംഗപ്പൂര്‍ മുടക്കിയത് 20000 കോടി രൂപ.അതായതു ഒരു കി.മീ റോഡിനു ചെലവായത് ഏകദേശം 4000 കോടിയോളം രൂപ.ഇതോടെ സിംഗപ്പൂരിലെ ഏറ്റവും വീതി കൂടിയതും ,ചെലവ് കൂടിയതും ,സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും താഴെ സ്ഥിതി ചെയ്യുന്നതുമായ എക്സ്പ്രസ്സ്‌വേയായി മറിനാ കോസ്റ്റല്‍ എക്സ്പ്രസ്സ്‌വേ മാറി.ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിലൂടെയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് .ഒരു മിനിറ്റില്‍ 50നീന്തല്‍ക്കുളം നിറയ്ക്കാനുള്ള വെള്ളം പമ്പുചെയ്ത് നീക്കേണ്ടി വന്നത് കനത്ത വെല്ലുവിളിയായിരുന്നു എന്ന് ഉത്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഗോ ചോക്ക് തോന്ഗ് പറഞ്ഞു.കൂടാതെ വെള്ളം നീക്കം ചെയ്ത ശേഷം പൈല്‍ ചെയ്യുവാന്‍ കഴിയാത്തവിധം ചെളിമണ്ണ് കൊണ്ട് നിറഞ്ഞിരുന്നു .അതുകൊണ്ട് ഏകദേശം 85 മീറ്റര്‍ താഴെയാണ് പൈല്‍ ചെയ്യുവാന്‍ ഉറപ്പുള്ള പാറക്കെട്ടുകള്‍ കണ്ടെത്തിയത്.അതായതു ഉദ്ദേശം 25 നില കെട്ടിടത്തിന്‍റെ അത്രയും താഴെയാണ് പൈലിംഗ് നടത്തിയത് .ഇതുവരെ 40 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് ,അതായതു 1700 ഒളിമ്പിക്ക് നീന്തല്‍ക്കുളം നിറയ്ക്കുവാനുള്ള മണ്ണ് നീക്കം ചെയ്തിട്ടുണ്ട്.
2008- ഇല്‍ ആരംഭിച്ച നിര്‍മ്മാണത്തിന് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഏകദേശം 2.5 ബില്ല്യന്‍ സിംഗപ്പൂര്‍ ഡോളറാണ് ബജറ്റ് നിശ്ചയിച്ചത്.എന്നാല്‍ അര കിലോമീറ്റര്‍ ദൂരം കടലിനടിയിലൂടെ നിര്‍മ്മിക്കുവാന്‍ വേണ്ടി വന്ന ചെലവ് നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് മൊത്തം ചെലവ് 4.3 ബില്ല്യന്‍ ഡോളര്‍ ആയി വര്‍ധിച്ചു.കൂടാതെ 54 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വന്നതായി സര്‍ക്കാര്‍ പറഞ്ഞു .
സ്ഥലം ലഭ്യമല്ലാത്ത സിംഗപ്പൂരില്‍ ഇനി ഭൂമിക്കടിയിലൂടെ റോഡുകള്‍ നിര്‍മ്മിക്കാതെ വേറെ മാര്‍ഗമില്ലെന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത് .5 കിലോമീറ്റര്‍ ദൂരമുള്ള ഹൈവേയില്‍ 3.5 കിലോമീറ്റര്‍ ദൂരം ഭൂമിയ്ക്ക് അടിയിലൂടെയാണ് .ഇതില്‍ 450 മീറ്റര്‍ ദൂരം കടലിന് അടിയിലൂടെയാണ് .ഈസ്റ്റ് കോസ്റ്റ് പാര്‍ക്ക് വെ (ECP),കല്ലാന്ഗ് പയാലേബാര്‍ എക്സ്പ്രസ്സ്‌വേ (KPE),അയ്യര്‍ രാജാ എക്സ്പ്രസ്സ്‌വേ (AYE) എന്നീ ഹൈവെയുമായി മറിനാ കോസ്റ്റല്‍ എക്സ്പ്രസ്സ്‌വേ (MCE)ബന്ധപ്പെടുത്തിയിരിക്കുന്നു .ഒരു വശത്തേക്ക് 5 ലൈനുകളുള്ള പുതിയ എക്സ്പ്രസ്സ്‌വേ സിംഗപ്പൂരിലെ ഏറ്റവും വീതി കൂടിയത് ഹൈവേയാണ്.
ആകാംഷയോടെയാണ് ഞായറാഴ്ച സിംഗപ്പൂരിലെ ജനങ്ങള്‍ പുതിയ ഹൈവേയിലൂടെ യാത്ര ചെയ്തത് .എന്നാല്‍ പ്രവര്‍ത്തിദിനമായ തിങ്കളാഴ്ച രാവിലെ രണ്ടു അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം വാഹനങ്ങള്‍ കുടുങ്ങി കിടന്നത് വന്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട് .26 ഡോളര്‍ ടാക്സി കൂലി കൊടുത്തു ജോലിക്ക് പോയ പലരും ഇന്ന് 75 ഡോളറോളം കൊടുക്കേണ്ടി വന്നത് സര്‍ക്കാര്‍ വേണ്ട രീതിയില്‍ വാഹനം തിരിച്ചു വിടാത്തത് കൊണ്ടാണെന്ന ആരോപണം പരക്കെ ഉയര്‍ന്നിട്ടുണ്ട് .
കല്ലാന്ഗ് പയാലേബാര്‍ എക്സ്പ്രസ്സ്‌വേയും കൂടെ ചേരുമ്പോള്‍ പുതിയ എക്സ്പ്രസ്സ്‌വേ തെക്ക് കിഴക്കന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ ഹൈവേയായി മാറി.ഇതോടെ സിംഗപ്പൂര്‍ മറ്റു രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ് .വര്‍ദ്ധിച്ച വരുന്ന റോഡുകളുടെ ആവശ്യകത മുന്‍നിര്‍ത്തി സിംഗപ്പൂര്‍ സര്‍ക്കാര്‍ കൂടുതല്‍ ഹൈവേകള്‍ ഭൂമിയ്ക്ക് അടിയിലൂടെ നിര്‍മ്മിക്കുവാനുള്ള തയ്യാറെടുപ്പിലാണ് .വികസ്വരരാജ്യങ്ങള്‍ക്ക് നല്ല റോഡുകളുടെ ആവശ്യകതയെപ്പറ്റിയുള്ള ഒരു ഉത്ബോധനം കൂടെയാണിത്.എന്നാല്‍ ഇത്രയും ചിലവുള്ള റോഡ് നിര്‍മ്മിച്ചതില്‍ ചുരുക്കം ചില ആളുകള്‍ അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട് .പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ കൂടുതല്‍ നികുതി ചുമത്തി ചെലവായ തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ .