കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിക്ക് ക്രൂരപീഡനം; മൂത്രം കുടിപ്പിച്ചു സ്വകാര്യദൃശ്യം പകര്‍ത്തി: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

0

കൊച്ചിയിൽ യുവതി അതിക്രൂരമായി പീഡിപ്പിച്ചതായി പരാതി. കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പരാതി. ഫ്ലാറ്റിൽവെച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനമായിരുന്നുവെന്ന് ഇവർ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇരുപത്തിരണ്ട് ദിവസം കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ കേസ് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയതോടെയാണ് മുൻപരിചയമുണ്ടായിരുന്ന മാർട്ടിനൊപ്പം യുവതി താമസിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയത്തിലായത്. ഒരു വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു.

എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ മാർട്ടിൻ തന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. അതിക്രൂരമായ ലൈംഗികാതിക്രമവും മർദനവുമാണ് യുവതിക്ക് നേരിടേണ്ടതായി വന്നത്. ശരീരത്തില്‍ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ വച്ചായിരുന്നു പീഡനം.

നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതുവരേയും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെപ്പെട്ട് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.ഐയുടേയും പ്രത്യേകസംഘത്തിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം ചേരുന്നുണ്ട്.

അതേസമയം പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ സെഷന്‍സ് കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.