വ്യാജ ക്ലബ് ഹൗസ് അക്കൗണ്ട്: സൂരജിന് മാപ്പ് നൽകി പൃഥ്വിരാജ്

0

ഏറ്റവും പുതിയ സോഷ്യൽ മീഡിയ സെൻസേഷനായ ക്ലബ് ഹൗസിൽ പൃഥ്വിരാജിന്റെ പേരില്‍ വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുണ്ടാക്കിയ മിമിക്രി കലാകാരന്‍ മാപ്പു പറഞ്ഞ് രംഗത്ത്. സമൂഹമാധ്യമത്തിലൂടെ വ്യാജ ഐഡി ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് സംസാരിച്ച സൂരജ് എന്ന യുവാവിന് മാപ്പ് നൽകി പൃഥ്വിരാജ് സുകുമാരൻ.

തന്റെ പേരും ശബ്ദവും അനുകരിച്ച് ക്ലബ് ഹൗസില്‍ സജീവമായിരുന്ന അക്കൗണ്ടിനെതിരേ പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. തുടര്‍ന്നാണ് ക്ലബ് ഹൗസില്‍ ശബ്‍ദം അനുകരിച്ച് ചര്‍ച്ച നടത്തിയ സൂരജ് ക്ഷമ ചോദിച്ച് രംഗത്ത് എത്തുകയും പൃഥ്വിരാജ് അതിനു മാപ്പുനൽകുകയും ചെയ്തത്. ആരെയും പറ്റിക്കാൻ വേണ്ടി ചെയ്തതല്ലെന്നും പൃഥ്വിരാജ് മാപ്പ തരണമെന്നുമായിരുന്നു സൂരജിന്റെ അപേക്ഷ.

സൂരജിന്റെ വിശദീകരണം ഇങ്ങനെ:
പ്രിയപ്പെട്ട രാജുവേട്ടാ…

ഞാൻ അങ്ങയുടെ ഒരു കടുത്ത ആരാധകൻ ആണ്. ക്ലബ് ഹൗസ് എന്ന പുതിയ പ്ലാറ്റ്ഫോമിൽ അങ്ങയുടെ പേരിൽ അക്കൗണ്ട് തുടങ്ങി എന്നു ഉള്ളത് സത്യം തന്നെ ആണ്,പക്ഷെ അതിൽ പേരും ,യൂസർ ഐഡി യും മാറ്റാൻ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റാർട്ട് ആയപ്പോൾ ആണ്.. അങ്ങു ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ചു അത് മറ്റുള്ളവരെ പറഞ്ഞു കേൾപ്പിച്ചു. ക്ലബ് ഹൗസ് റൂമിലെ പലരെയും എന്റർടെയ്ൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്..അതിനു പുറമെ, അങ്ങയുടെ പേരു ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യങ്ങളിലും ഞാൻ പങ്കു ചേർന്നിട്ടില്ല..

ജൂണ് 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടൻ വന്നാൽ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റർസ് ഉദ്ദേശിച്ചിരുന്നത്..അതിൽ ഇത്രയും ആളുകൾ വരുമെന്നോ,അത് ഇത്രയും കൂടുതൽ പ്രശ്നം ആകുമെന്നോ ഞാൻ വിചാരിച്ചില്ല.. ആരെയും , പറ്റിക്കാനോ, രാജു ഏട്ടന്റെ പേരിൽ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്തതൊന്നും..ചെയ്തതിന്റെ ഗൗരവം മനസ്സിലാവുന്നു, അതുകൊണ്ട് തന്നെ ആ ക്ലബ് ഹൗസ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു,ആ ഒരു ചർച്ചയിൽ പങ്കെടുത്ത, എന്നാൽ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു…

പേര് മാറ്റാൻ സാധിക്കില്ല എന്ന അറിഞ്ഞപ്പോൾ തന്നെ ഞാൻ ക്ലബ് ഹൗസ് ബയോയിൽ കൊടിത്തിട്ടുണ്ട് എന്റെ ഐഡന്റിറ്റി, അതിന്റെ കൂടെ ഇൻസ്റ്റാഗ്രാമും ഉണ്ട്.. ഞാൻ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും, രാജുവേട്ടൻ എന്ന നടൻ അഭിനയിച്ചു വെച്ചേക്കുന്ന കുറച്ചു ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.. കുറച്ചു നേരം മുൻപ് വരെ ഞാനും ഫാൻസ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു.. എന്നാൽ, ഇന്ന് ഫാൻസ് എല്ലാവരും എന്നെ തെറി വിളിക്കുന്നു.. പക്ഷെ, അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്‌തത്‌ തെറ്റു തന്നെ ആണ്.. ആ റൂമിൽ അങ്ങനെ അങ്ങയെ അനുകരിച്ചു സംസാരിച്ചതും തെറ്റ് തന്നെ.. നല്ല ബോധ്യമുണ്ട് ! ഒരിക്കൽ കൂടെ ആ റൂമിൽ ഉണ്ടായിരുന്നവരോടും, രാജുവേട്ടനോടും, ഞാൻ ക്ഷമ അറിയിക്കുന്നു..
എന്ന്, ഒരു പൃഥ്വിരാജ് ആരാധകൻ