മുംബൈ: മഹാരാഷ്ട്രയില്‍ മഴ ശക്തമാകുന്നു. രത്‌നഗിരി, സതാര, കോലാപുര്‍ പ്രദേശങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയില്‍ പെട്ട് 5 പേരാണ് റായ്ഗഢില്‍ മാത്രം മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതി വിവരങ്ങള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണില്‍ സംസാരിച്ചു.
റായ്ഗഢിലെ കലായി പ്രദേശത്ത് മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ 5 പേരാണ് മരിച്ചത്. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 30 പേര്‍ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ് ജില്ലാ കലക്ടര്‍ നിധി ചൗധരി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ മേഖലകളിലെ റോഡ് ഗതാഗതവും റെയില്‍ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. കൊങ്കണ്‍ പാതയില്‍ കൂടിയുള്ള നിരവധി ട്രെയിനുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതോടെ കൊങ്കണ്‍ പാതയില്‍ കൂടി സഞ്ചരിക്കുന്ന ആറായിരത്തിലേറെ യാത്രക്കാരാണ് ട്രെയിനില്‍ തന്നെ കുടുങ്ങിയതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നു. ചിപ്ലുണ്‍, കാംതെ സ്റ്റേഷനുകള്‍ക്കിടയിലുള്ള വാഷിഷ്ടി നദി കരകവിഞ്ഞൊഴുകിയതിനെ തുടന്നാണ് കൊങ്കണ്‍ പാതയിലുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.
വിവിധ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒഴുകി നടക്കുന്ന വാഹനങ്ങളും മറ്റും മഹാരാഷ്ട്രയില്‍ നിന്നുള്ള കാഴ്ചയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. രത്‌നഗിരി, റായ്ഗഢ്, മുംബൈ, താനെ, പല്‍ഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.