മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം യുക്രൈനില്‍ വെടിവെച്ചിട്ടു, 295 പേര്‍ കൊല്ലപ്പെട്ടു: റിപ്പോര്‍ട്ട്

0

ആംസ്റ്റര്‍ഡാമില്‍ നിന്ന് കൊലാലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ ലൈന്‍സിന്‍റെ യാത്രാവിമാനം തകര്‍ന്ന് 295 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ വ്യോമാതിര്‍ത്തിക്ക് ഏതാണ്ട് 50 മൈല്‍ അകലെ യുക്രൈന്‍ പ്രദേശത്താണ് വിമാനം തകര്‍ന്നുവീണതെന്ന് റഷ്യയിലെ ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  32,000 അടി ഉയരത്തില്‍ പറക്കവെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതാണെന്ന് ഇന്റര്‍ഫാക്‌സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ നിര്‍മ്മിത വിമാനവേധ മിസൈല്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തത്തതെന്ന് റിപ്പോര്‍ട്ടുകള്‍.

ബോയിങ് 777 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനവുമായുള്ള ബന്ധം യുക്രൈന് മുകളില്‍ വെച്ച് നഷ്ടപ്പെട്ടതായി മലേഷ്യന്‍ അധികൃതര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ സ്ഥിരീകരിച്ചു. 280 യാത്രക്കാരും 15 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടം യുക്രൈനും സ്ഥിരീകരിച്ചു.

ഒരു വന്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് വിമുക്തമാവും മുമ്പാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് വീണ്ടും അപകടത്തിനിരയാകുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് രാത്രി ജീവനക്കാരടക്കം 239 പേരുമായി കൊലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അന്ന് പുലര്‍ച്ചയോടെ അപ്രത്യക്ഷമായിരുന്നു. എന്നാല്‍, ഇതെവിടെയാണ് തകര്‍ന്നതെന്ന് കണ്ടെത്താനോ അവശിഷ്ടങ്ങള്‍ ശേഖരിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.