MH-17 – ബ്ലാക്ക് ബോക്സും, ഭൌതികാവശിഷ്ടങ്ങളും ഉടന്‍ കൈമാറും..

0

കഴിഞ്ഞ വ്യാഴാഴ്ച തകര്‍ക്കപ്പെട്ട MH-17 വിമാനത്തിലെ യാത്രക്കാരുടെ ഭൌതികാവശിഷ്ടങ്ങള്‍ ഇന്ന് രാവിലെയോടെ, നെതര്‍ലാണ്ട്സിനും ബ്ലാക്ക്‌ ബോക്സ്‌ മലേഷ്യയ്ക്കും കൈമാറാന് ധാരണയായതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് അറിയിച്ചു. കൂടാതെ, അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംഭവം നടന്ന ഉക്ക്രൈന്‍ പ്രവിശ്യയിലെ റഷ്യന്‍ വിമതനേതാവായ അലക്സാണ്ടര്‍ ബോറോഡൈ യുമായി സംഭാഷണം നടത്തിയതായി നജീബ് റസാക്ക് പറഞ്ഞു. ഇപ്പോള്‍ മൃതശരീരങ്ങള്‍ എല്ലാംതന്നെ, അടുത്തുള്ള ടോറസ് പട്ടണത്തില്‍ ഒരു ശീതീകരിച്ച ട്രെയിനില്‍ ആണ് വെച്ചിട്ടുള്ളത്‌. അത് ഉടന്‍ ഖാര്‍കിവ് എന്ന സ്ഥലത്തേക്ക് മാറ്റി, നെതര്‍ലാണ്ട്സ് അധികാരികള്‍ക്ക് ഫോറന്‍സിക് പരിശോധനകള്‍ക്കായി കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. അതിനുശേഷം, അപകടത്തില്‍ മരിച്ച നാല്‍പ്പത്തിമൂന്നു മലേഷ്യന്‍ വംശജരുടെ ഭൌതികാവശിഷ്ടങ്ങള്‍ മലേഷ്യയിലേക്ക് കൊണ്ടുപോകും. കൂടാതെ, എല്ലാ അന്താരാഷ്ട്രാ അന്വേഷണ ഏജന്‍സികള്‍ക്കും തടസ്സമില്ലാതെ അന്വേഷണം നടത്താനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കരാര്‍ ഉടമ്പടി ഒപ്പ് വെച്ചെങ്കിലും അതിലേക്കായി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.