പുന്നമടക്കായല്‍ സുന്ദരിയായി ഉടുത്തൊരുങ്ങി. ഈ വര്‍ഷത്തെ ജലരാജാക്കന്മാരെ കണ്ടെത്താനുള്ള, നെഹ്രു ട്രോഫി വള്ളംകളിയില്‍, നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലപ്പുഴയിലെ പുന്നമടക്കായലില്‍ ആദ്യ തുഴയെറിയും.
കായലോളങ്ങളെ പുളകമണിയിച്ചുകൊണ്ട്, നെഹ്രു ട്രോഫിയില്‍ മുത്തമിടാന്‍ ഇപ്പ്രാവശ്യം 22 ചുണ്ടന് വള്ളങ്ങളാണ് കച്ചകെട്ടിയിറങ്ങുന്നത്. മറ്റു ഇനങ്ങളിലും കൂടി ഇപ്പ്രാവശ്യം ആകെ 72 വള്ളങ്ങള്‍ മാറ്റുരക്കുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ വള്ളങ്ങള്‍ നെഹ്രു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്നത്. മന്ത്രിമാര്‍, എംപി മാര്‍, എംഎല്‍എ മാര്‍, പൌരപ്രമുഖര്‍ എന്നിവരടങ്ങുന്ന സദസ്സില്‍, ഗവര്‍ണര്‍ ശ്രീമതി ഷീല ദീക്ഷിത് ഉച്ചയ്ക്ക് രണ്ടുമണിക്ക് വള്ളംകളിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട് 3.45 ന് ചുണ്ടന് വള്ളങ്ങളുടെ ആദ്യവട്ടം മത്സരങ്ങള്‍ ആരംഭിക്കും. 5.30 ന് സമാപനസമ്മേളനവും സമ്മാനദാനവും നടക്കും.
കുറച്ചു ദിവസങ്ങളായി തുടരെ പെയ്യുന്ന കനത്ത മഴ, ചുണ്ടന് വള്ളങ്ങളുടെ പരിശീലനത്തെ അല്പം ബാധിച്ചിരുന്നു. അതുകൂടാതെ, വള്ളംകളി കാണാനെത്തുന്ന വിദേശ ടൂറിസ്റ്റുകളെയും മഴ ബാധിക്കുമോയെന്ന ആശങ്കയിലാണ് സംഘാടകര്‍. ജലോത്സവത്തിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു. അന്‍പതോളം മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം 2500 ഓളം പോലീസുകാരും, ദ്രുതകര്‍മ സേനയും, മെഡിക്കല്‍ ടീമുകളും, തയ്യാറായിട്ടുണ്ട്.