മഹത്തായ ജനാധിപത്യ ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അമൃത മഹോത്സവമായി കൊണ്ടാടുകയാണ് അഭിനവ ഭാരത ഭരണാധികാരികൾ. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ കാര്യമായ പങ്ക് വഹിക്കാൻ കഴിയാത്ത അവർ ഇപ്പോൾ ചരിത്രം വക്രീകരിച്ച് ചരിത്രത്തിലിടം നേടാനുള്ള പരിശ്രമത്തിലാണ്.
ചരിത്ര യാഥാർത്ഥ്യമാണെങ്കിലും തങ്ങൾക്കിഷ്ടമില്ലാത്തതെല്ലാം തമസ്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ തയ്യാറാക്കിയ ആസാദി കാ അമൃത് മഹോത്സവിൻ്റെ പോസ്റ്ററിൽ നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ചിത്രം ബോധപൂർവ്വം ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ ഗവേഷണ കൗൺസിൽ ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്. ഇന്ത്യയുടെ സ്വാതന്ത്യ സമര ചരിത്ര സ്മരണയിൽ ജവഹർലാൽ നെഹ്റുവിനുള്ള പങ്ക് ഒഴിവാക്കുന്നത് കുറ്റകരമാണെന്ന് തന്നെ പറയേണ്ടി വരും.
ഇന്ത്യൻ ജനതയുടെ മനസ്സിൽ നെഹ്റുവിനുള്ള സ്ഥാനം ഇല്ലാതാക്കാൻ അഭിനവ ഗവേഷകർക്ക് സാദ്ധ്യമല്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യത്തിന് നേരെ നിങ്ങൾക്ക് കണ്ണടക്കാം, എന്നാൽ രാജ്യവും ജനതയും ഇതിന് മാപ്പ് നൽകില്ല’ വെബ് സൈറ്റുകളിലെ പോസ്റ്ററുകളിലല്ല, രാഷ്ട്രത്ത്തിൻ്റെ, ജനതയുടെ ഹൃദയത്തിലാണ് ജവഹർലാൽ നെഹ്റു പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്.
ചരിത്രം അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതത്തിന് അനുസരിച്ച് വളച്ചൊടിക്കാനുള്ള സാഹിത്യ സൃഷ്ടിയല്ല’ മറിച്ച് ഇന്നലെകളുടെ സത്യസന്ധമായ രേഖപ്പെടുത്തലുകളാണ്. അഭിനവ ഇന്ത്യൻ ഭരണാധികാരികളുടെയും അവരുടെ തണലിലുള്ള ഗവേഷകന്മാരുടെയും ചരിത്രബോധം ഇത്തരത്തിലാണെങ്കിൽ തീർച്ചയായും നാളെ മഹാത്മജിയുടെ പേര് പോലും നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടേക്കാം. ചരിത്രത്തെ വക്രീകരിക്കുന്നതും തമസ്കരിക്കുന്നതും എതൊരു മാൻഡേറ്റിൻ്റെ ഭാഗമായാലും ഭൂഷണമല്ലെന്ന് തിരിച്ചറിയുന്നതാണ് രാഷ്ട്രീയ വിവേകം.