യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് വര്‍ധിപ്പിച്ചു

1

അബുദാബി: യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ രാജ്യത്ത് തുടരാം. നിലവില്‍ വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് 30 ദിവസമാണ്.

90 മുതല്‍ 180 ദിവസം വരെയാണ് ഗ്രേസ് പീരീയഡ് നീട്ടിയതെന്ന് യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി ബിന്‍ അഹ്മദ് അല്‍ സിയൂദി അറിയിച്ചു. ജോലി നഷ്ടമായ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. ആറുമാസത്തെ കാലയളവിനുള്ളില്‍ രാജ്യത്ത് താമസിച്ചുകൊണ്ട് തന്നെ പുതിയ ജോലി കണ്ടെത്താനും ഇത് സഹായിക്കും. അതേസമയം യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാന്‍ കഴിയുന്ന ഗ്രീന്‍ വിസ, പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായുള്ള ഫ്രീലാന്‍സ് വിസ എന്നിവയാണ് ഞായറാഴ്‍ച പ്രഖ്യാപിച്ചത്.

വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. ഇവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള പ്രത്യേക വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ വിസ ലഭിക്കും. രക്ഷിതാക്കളെയും 25 വയസുവരെയുള്ള മക്കളെയും സ്‍പോണ്‍സര്‍ ചെയ്യാനുമാവും. ഗ്രീന്‍ വിസയിലുള്ളവര്‍ക്ക് കമ്പനികളെയടക്കം ആരെയും ആശ്രയിക്കാതെ രാജ്യത്ത് കഴിയാമെന്നതാണ് പ്രധാന സവിശേഷത.