ഡൽഹിയിൽ റാബിയ സൈഫി എന്ന പോലീസ് ഉദ്യോഗസ്ഥയെ തെരുവിൽ വെച്ച് ക്രൂരമായി കൊന്നു തള്ളിയിട്ട് ദിവസങ്ങൾ ഏറെയായില്ല. പഴയ നിർഭയ സംഭവത്തെക്കാൾ പൈശാചികമായിരുന്നു റാബിയയുടെ ക്രൂരമായ കൊലപാതകം. അംഗഭംഗം വരുത്തി ശരീരം പിച്ചിച്ചീന്തിയ അവസ്ഥയിലായിരുന്നു. അന്വേഷണം ഇരുട്ടിൽ തപ്പുകയാണ്. ഇതു വരെയായി ഒരു തുമ്പും ലഭിച്ചിട്ടില്ല. അന്വേഷണത്തിൽ വേണ്ടത്ര ജാഗ്രതയുണ്ടോ എന്ന കാര്യത്തിൽ പോലും സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര ഭരണാധികാരികളുടെ മൂക്കിന് താഴെ വെച്ച് നടന്ന സംഭവത്തിൽ പോലും, അതും ഒരു പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ നമ്മുടെ ക്രമസമാധാന പരിപാലനവും ഭരണ സംവിധാനവും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
ഇക്കാര്യത്തിൽ മാധ്യമങ്ങൾ പുലർത്തുന്ന നിസ്സംഗതയും അവഗണിക്കാൻ കഴിയില്ല. അന്വേഷണം ഫലപ്രദമായി നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. സ്ത്രീത്വം ക്രൂരമായി തെരുവിൽ അപമാനിക്കപ്പെടുകയാണ് പൂനെ റയിൽവേ സ്റ്റേഷനിൽ നിന്ന് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതാണ് മറ്റൊരു സമാന സംഭവം. ഈ സംഭവത്തിൽ എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നത് ആശാവഹമായ കാര്യം തന്നെ.
ഇന്നലെ കോയമ്പത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് സ്ത്രീയെ റോഡിലേക്ക് വലിച്ചെറിഞ്ഞ വാർത്തയും ഞെട്ടലോടെയാണ് നാം അറിഞ്ഞത്. കോയമ്പത്തൂർ അവിനാശി റോഡിൽ പട്ടാപ്പകൽ തിരക്കുള്ള റോഡിലേക്ക് യുവതിയെ വലിച്ചെറിയുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് വന്ന വാഹനങ്ങൾ ഈ യുവതിയുടെ ശരീരത്തിൽ കയറിയിറങ്ങി മൃതശരീരം പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി.സ്ത്രീ ശരീരം ഇത്രയും ക്രൂരമായി ആക്രമിക്കപ്പെടാനുള്ളതാണെന്ന ബോധം നമ്മളിൽ ഉണ്ടായതെങ്ങിനെയാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഈ കേസുകളിലെല്ലാം സമഗ്രമായ അന്വേഷണം അനിവാര്യമാണ്.
സ്ത്രീത്വം ആദരിക്കപ്പെടേണ്ടതാണെന്ന സംസ്കാരവും പാരമ്പര്യവുമുള്ള നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഭരണാധികാരികളുടെ പിടിപ്പുകേട് കൊണ്ടാണെന്ന് തന്നെ പറയേണ്ടി വരും’ അധികാരം കൈയ്യാളുന്നവർ നിസ്സംഗരായ കാഴ്ചക്കാരല്ലെന്ന് ഭരണീയരെ ബോധ്യപെടുത്താന്നുള്ള ബാദ്ധ്യത അവരുടേത് തന്നെയാണ്. സ്ത്രീത്വം തെരുവിൽ ഹോമിക്കപെടാനുള്ളതല്ല എന്ന തിരിച്ചറിവ് ഭരണാധികാരികൾക്ക് ഉണ്ടായിരിക്കണം’ രാജ്യത്തിലെ പൊതു ജനത്തിൻ്റെ പൗരബോധവും ആ രീതിയിൽ ഉയരേണ്ടതുണ്ട്.