വിവാദമായ മുട്ടിൽ മരംമുറി കേസിൽ അന്വേഷണത്തിൻ്റെ നിയന്ത്രണം പ്രതികളായ സഹോദരന്മാരുടെ കൈകളിൽ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണം ഇപ്പോൾ പാതി വഴിയിലാണ്. ഈ അന്വേഷണത്തിൻ്റെ തുടക്കത്തിൽ നിയമിച്ചിരുന്ന വനം വകുപ്പ് ഫ്ലയിങ്ങ് സ്ക്വാഡ് ഡി.എഫ്.ഒ. ധനേഷ് കുമാറിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു.
അന്വേഷണം ശരിയായ ദിശയിൽ പോകുമ്പോഴാണ് ഈ സ്ഥലം മാറ്റം ഉണ്ടായത്. മരംമുറി സഹോദരന്മാരുടെ താല്പര്യമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ആരോപണം. അതിന് ശേഷം നിയമിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി ഡി.വൈ.എസ്.പി. വി.വി. ബെന്നിയെയാണ് ഇപ്പോൾ തിരൂരിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത്. ഈ കേസിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്മാർ ഈ രീതിയിൽ സ്ഥലം മാറ്റപ്പെടുന്നത് സ്വാഭാവികമായ നടപടിയായി കരുതാൻ കഴിയില്ല.
അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ബഹുമതി ലഭിച്ച ഉദ്യോഗസ്ഥൻ്റെ സ്ഥലം മാറ്റം കേവലം യാദൃശ്ചികമല്ല. പ്രതികളെ ഒരു വട്ടം ചോദ്യം ചെയ്തപ്പോഴുണ്ടായ ഈ സ്ഥലം മാറ്റത്തിൻ്റെ കാരണം പകൽ പോലെ വ്യക്തം. വനം വകുപ്പിൽ കാര്യങ്ങളൊന്നും അത്ര സുതാര്യമല്ലെന്ന് തന്നെ വേണം കരുതാൻ. ഈ കേസിൽ ഒരു ധർമ്മടം ഇടപെടൽ ഇതിനകം തന്നെ വാർത്താ പ്രാധാന്യം നേടിയിരുന്നുവെന്ന കാര്യം കാണാതിരിക്കാൻ കഴിയില്ല. കാട് ഭരിക്കേണ്ടത് കാട്ടു കള്ളൻമാരല്ല എന്ന തിരിച്ചറിവ് അനിവാര്യമാണ്. ഇത് ഉറപ്പ് വരുത്തേണ്ടത് ഭരണാധികാരികളും വനം വകുപ്പും തന്നെയാണ്. അഗസ്റ്റിൻ സഹോദരന്മാരല്ല എന്ന് തീർച്ച.