പെട്രോളിയം ഉല്പന്നങ്ങളും ജി.എസ്.ടി.യുടെ പരിധിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം അടുത്ത് തന്നെ കേന്ദ്ര സർക്കാറിൽ നിന്നുമുണ്ടാകുമെന്ന് വേണം കരുതാൻ. ഇതിനായി യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളെ സംബന്ധിച്ച് ആശ്വാസകരമായ തീരുമാനമായിരിക്കും ഇത്. പെട്രോൾ, ഡീസൽ, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങളുടെ വിലയിൽ ഗണ്യമായ വിലക്കുറവുണ്ടാകാൻ ഈ തീരുമാനം ഇടയാക്കും. എന്നാൽ തീരുമാനം വരുന്നതിന് മുൻപ് തന്നെ സംസ്ഥാന സർക്കാറുകൾ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നത് കൗതുകകരമാണ്.
നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരം ഇതിലൂടെ നഷ്ടപ്പെട്ടു പോകുമെന്നാണ് ഈ ആവശ്യത്തിൻ്റെ പിന്നിലെ യുക്തി’ സംസ്ഥാന സർക്കാറിന് വരുമാന നഷ്ടമുണ്ടാകുമെന്നത് ശരിയാണ്. എന്നാൽ അതിൻ്റെ ഗുണഭോക്താക്കൾ പൊതു ജനങ്ങളാണെന്ന ലളിതമായ ബോധം സംസ്ഥാന ഭരണാധികാരികൾ പ്രകടിപ്പിക്കേണ്ടതാണ്.
പൊതുജനങ്ങളുടെ ജീവിത ഭാരം കുറക്കാനാവശ്യമായ തീരുമാനത്തിനൊപ്പം നിൽക്കുകയാണ് ജനക്ഷേമ തല്പരരായ ഭരണാധികാരികൾ ചെയ്യേണ്ടത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക ബാദ്ധ്യത ലഘൂകരിക്കാനുള്ള മറ്റു വഴികൾ കണ്ടെത്തുകയും ധൂർത്തും ആഢംബരവും കുറക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും വിധത്തിൽ പൊതുജനത്തിന് ആശ്വാസം കിട്ടുന്ന നടപടിയെ എതിർക്കുന്നത് തികച്ചും ജന വിരുദ്ധമായ കാര്യമാണെന്നുള്ള ഓർമ്മകൾ ഉണ്ടായിരിക്കണം.