കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് പകരം മറ്റൊരു വിമാനത്താവളമുണ്ടാക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മന്ത്രിമാര്‍ തള്ളിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കാൻ സാധിക്കുന്ന തരത്തിൽ റൺവേ വികസിപ്പിക്കാൻ 96.5 എക്കർ ഭൂമി വേണ്ടി വരുമെന്നും വിമാനത്താവളത്തിൻ്റെ സമഗ്ര വികസനത്തിനായി ആകെ 248.75 ഏക്കർ ഭൂമിയും കണ്ടെത്തേണ്ടി വരുമെന്നും യോഗം വിലയിരുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.
വിമാനത്താവളത്തിലെ കുഴപ്പം കൊണ്ടല്ല അപകടമുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് അടിയന്തിരമായി പുനരാരംഭിക്കണമെന്നും യോഗം ആവശ്യപെട്ടു. വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കാൻ നിലവിൽ തടസ്സമില്ലെന്ന് വികസനസമിതിയോഗത്തിന് ശേഷം മന്ത്രി വി.അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.