നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി നിശ്ശബ്ദമായിരുന്ന വിദ്യാലയ മണികൾ വീണ്ടും മുഴങ്ങുകയാണ്. നിഷ്കളങ്ക ബാല്യങ്ങളുടെ കളി ചിരിയും സന്തോഷവും ഉല്ലാസവും വിദ്യാലയ അങ്കണങ്ങളെ വീണ്ടും ഉത്സവാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിക്കുകയാണ്. വിദ്യാലയങ്ങൾ ശബ്ദമുഖരിതമാകുമ്പോൾ ജീവൻ വെക്കുന്നത് നമ്മുടെ നാടിന് തന്നെയാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപക സമൂഹവും ഇതിനായി കാത്തിരിക്കുകയായിരുന്നു.
കാട് കയറിയ വിദ്യാലയ അങ്കണങ്ങൾ വൃത്തിയാകാൻ നാട് ഒന്നിച്ച് കൈകോർക്കുന്ന അപൂർവ്വ ദൃശ്യങ്ങൾക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. രണ്ടു വർഷത്തോളമായി അനുഭവിച്ചു വന്നിരുന്ന നഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള ഭാരിച്ച പരിശ്രമം ആവശ്യമാണ്. സൂക്ഷ്മജീവി സൃഷ്ടിച്ച രോഗത്തിൻ്റെ പകർന്നാട്ടത്തിൽ നിന്ന് സംസ്ഥാനം പൂർണ്ണമായും മോചിതമായിട്ടില്ല. മഹാവ്യാധിയുടെ ആധിയുടെ കരിനിഴൽ ഇപ്പോഴും ബാക്കി തന്നെയാണ്. എന്നാൽ ഭയപ്പെടേണ്ട കാര്യമൊന്നുമില്ല ആശങ്കകൾ അസ്ഥാനത്തുമല്ല. ചെയ്യാനുള്ളത് കരുതലും ശ്രദ്ധയും തന്നെയാണ്.
നഷ്ടപ്പെട്ട സ്വാതന്ത്ര്യം പഴയത് പോലെ ആഘോഷിക്കാനുള്ള സമയമായിട്ടില്ല എന്ന് പിഞ്ചു വിദ്യാർത്ഥികളോട് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ശാരീരികമായ അകലം പാലിച്ചു കൊണ്ട് തന്നെയായിരിക്കണം മാനസിക ഐക്യം നിലനിർത്തേണ്ടത് എന്ന ബോധം അവരിലുണ്ടായിരിക്കണം. സ്നേഹമൊഴികെ മറ്റൊന്നും പങ്ക് വെക്കാനുള്ള സമയമായിട്ടില്ല എന്നും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പുതിയ ഒരു വിദ്യാലയ വർഷത്തെ നമുക്ക് പ്രതീക്ഷയോടെ, സന്തോഷത്തോടെ തന്നെ വരവേൽക്കാം. കേരളപ്പിറവി ദിനം നൽകുന്നത് ഒരു പുതിയ സന്ദേശം തന്നെയായി മാറിത്തീരട്ടെ എന്ന് നമുക്ക് മനസ്സാ പ്രാർത്ഥിക്കാം. വിദ്യാലയങ്ങളിലെ പുതിയ മണിമുഴക്കം ആരോഗ്യ കേരളത്തിൻ്റെ മണിമുഴക്കം തന്നെയായിത്തീരുമെന്ന് പ്രതീക്ഷിക്കാം.