വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സര്ജന് ജനറലായി മുപ്പത്തേഴുകാരനായ ഇന്ത്യന്‍ വംശജന് ശ്രീ വിവേക് മൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ട് മെയര്‍ സൈനികത്താവളത്തില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന് വിവേകിന് സത്യവാചകം ചൊല്ലിക്കൊടുത്തു. "സര്ജന് ജനറല്‍" എന്നത് അമേരിക്കയില്‍ ത്രീസ്റ്റാര്‍ മിലിട്ടറി പദവിയാണ്. "വൈസ് അഡ്മിറല്‍ വിവേക് മൂര്‍ത്തി" യെന്നായിരിക്കും ഇനി അദ്ദേഹം അറിയപ്പെടുക.
കര്‍ണാടക സംസ്ഥാനത്തിലെ മാണ്ഡ്യയിലുള്ള ഹൊള്ളഗരയാണ് വിവേകിന്റെ മാതാപിതാക്കളുടെ ജന്മദേശം. പിന്നീട് അവര്‍ അമേരിക്കയിലേക്ക് താമസം മാറി. ബന്ധുക്കളെല്ലാം തന്നെ ഇപ്പോഴും അവിടെ താമസിക്കുന്നു. വിവേകിന്റെ ജനനം അമേരിക്കയിലായിരുന്നു. ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ ഉള്ള പദവി ഏറ്റെടുത്തശേഷം, വിവേക് നടത്തിയ പ്രസംഗത്തില്‍, താന്‍ സൃഷ്ടിച്ച റെക്കോര്‍ഡിനേക്കാള്‍ തന്നെ സന്തോഷവാനാക്കുന്നത് തന്റെ പിതാവ് ഒരു കര്‍ഷകന്റെ മകനാണെന്ന സത്യമാണെന്നും താന്‍ അതില്‍ അഭിമാനിക്കുന്നുവെന്നും വിവേക് വികാരാധീനനായി പറഞ്ഞു.
സ്വയം കടക്കെണിയിലാകുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ് മുത്തച്ഛന് തന്റെ അച്ഛനെ വിദ്യാഭ്യാസത്തിന് അയച്ചതെന്നും വിവേക് മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ എല്ലാ ബന്ധുക്കളുടെ സ്നേഹവും, പ്രാര്‍ഥനയും, വിശ്വാസവുമുണ്ടെന്നും ഏതു പദവിയിലെത്തിയാലും താന്‍ ഇവര്‍ക്കൊക്കെ കടപ്പെട്ടവനായിരിക്കുമെന്നും വിവേക് മൂര്‍ത്തി പറഞ്ഞു.