പറക്കാനൊരുങ്ങി കണ്ണൂര്‍

0
കണ്ണൂര്‍ : കണ്ണൂരിന്റെ ചിറകായി മുളക്കാനൊരുങ്ങുകയാണ് മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പ്. പത്തിവിടര്‍ത്തിയാടുന്ന മുര്‍ഖന്‍പാമ്പുള്‍പ്പെടെ വിഹരിച്ച കാട് ഇനി യന്ത്രപക്ഷിയുടെ കേന്ദ്രമായി മാറും. മലഞ്ചെരിവുകളും മൊട്ടക്കുന്നുകളും ഇടിച്ചുനിരപ്പാക്കിയ സ്ഥലത്ത്, ഇനി കേള്‍ക്കുക യന്ത്ര പക്ഷിയുടെ ഇരമ്പല്‍ മാത്രം.
കണ്ണൂരിന്റെ വികസനത്തിന് ചിറകുകള്‍ നല്‍കുന്ന വലിയൊരു കാല്‍വെപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ് ഇവിടെ. 2015 ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിമാനമിറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍..
കണ്ണൂര്‍ വിമാനത്താവളത്തിനും സജജീകരണ സൗകര്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഏറ്റെടുത്ത 2200 ഏക്കര്‍ സ്ഥലത്താണ് എല്‍ ആന്‍ഡ് ടി കമ്പനിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുന്നത്. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കും ടെര്‍മിനലിനുമുള്ള സ്ഥലമാണ് ഒരുങ്ങുന്നത്. റണ്‍വേക്കുള്ള ഭൂമി നിരപ്പാക്കല്‍ നാല്‍പ്പത്തഞ്ച് ശതമാനത്തോളം പൂര്‍ത്തിയായി. 
ഒരു ദിവസം 70,000 ഘനമീറ്റര്‍ വരെ മണ്ണു നീക്കുന്നുണ്ടെന്നാണ് കണക്ക്. 100 ലക്ഷം ഘനമീറ്റര്‍ മണ്ണോളം ഇതുവരെ നീക്കിക്കഴിഞ്ഞു. കുന്നുകള്‍ നിരപ്പാക്കി ആ മണ്ണുപയോഗിച്ച് മലഞ്ചെരിവുകള്‍ നികത്തിയെടുത്തു. റോളറും വൈബ്രേറ്ററും ഉപയോഗിച്ച് നിരപ്പാക്കി കഴിഞ്ഞു. മരങ്ങളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റിനായുള്ള കമ്പിത്തൂണുകള്‍ കുത്തിയും കിടത്തിയും വിരിച്ചിട്ടിരിക്കുന്നു. ചെമ്മണ്ണിനു മുകളില്‍ സിമന്റ് മിശ്രിതം പൂശി സ്ലാബിട്ടുകഴിഞ്ഞു. ചിലയിടങ്ങളില്‍ കൂറ്റന്‍ കെട്ടിടങ്ങളുടെ പ്രാഥമിക രൂപങ്ങളും നിറഞ്ഞു. ദിനരാത്ര വ്യത്യാസമില്ലാതെയാണ് വൈദ്യുതവിളക്കുകളുടെ സഹായത്തില്‍ ഇത് നടത്തുന്നത്്.
അന്യസംസ്ഥാന തൊഴിലാളികളടക്കം ആയിരത്തിലേറെ തൊഴിലാളികളും, 100 എന്‍ജിനീയര്‍മാരും സ്ഥലത്തു ജോലിചെയ്യുന്നുണ്ട്. പദ്ധതി പ്രദേശത്ത് 20 ടണ്‍ ഉത്പാദനശേഷിയുള്ള ക്രഷര്‍ പ്ലാന്റും കോണ്‍ക്രീറ്റ് മിക്‌സിങ്ങ് പ്ലാന്റും സ്ഥാപിച്ച്. ആവശ്യത്തിന് നിര്‍മ്മാണസാമഗ്രികള്‍ ഉല്‍പാദിപ്പിക്കുകയാണ്.
റണ്‍വേ നിര്‍മ്മാണത്തിന് 2013 നവംബര്‍ അഞ്ചിനാണ് എല്‍ ആന്‍ഡ് ടിക്ക് 694 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയത്. തുടക്കത്തില്‍ 3040 മീറ്റര്‍ നീളത്തിലാണ് റണ്‍വേയൊരുക്കുന്നത്. രാജ്യാന്തരനിലവാരത്തിലേക്കുയര്‍ത്തുന്നതിനായി അത് 3,500 മീറ്റര്‍ വിസ്തൃതിയിലാക്കും. അതിനായി കൂടുതല്‍ ഭൂമിയേറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
അത്യാധുനിക സൗകര്യങ്ങളോടു കൂടി 75,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ടെര്‍മിനല്‍ കെട്ടിടമാണ് കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി നിര്‍മ്മിക്കുന്നത്. 25,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഇന്ധനപാടവും 1200 ചതുരശ്ര അടി വരുന്ന എ.ടി.സി ടെക്‌നിക്കല്‍ കെട്ടിടവുമൊരുക്കികൊണ്ടിരിക്കുകയാണ്. ഏറ്റവും തിരക്കുള്ള സമയത്ത് 18 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധമാണ് ടെര്‍മിനല്‍ സജ്ജീകരിക്കുക. പ്രതിവര്‍ഷം 4.67 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. വര്‍ഷത്തില്‍ 60,578 ടണ്‍ ചരക്കുനീക്കം നടക്കും. 200 ടാക്‌സികളും, 700 കാറുകളും 25 ബസ്സുകളും പാര്‍ക്ക് ചെയ്യാനാവും.
എമിഗ്രേഷന്‍, കസ്റ്റംസ് എന്നിവക്ക് 20 വീതം കൗണ്ടറുകളും 42 ചെക്ക് ഇന്‍ കൗണ്ടറുകളുമുണ്ടാകും. ഫ്‌ളൈഓവര്‍, റസ്‌റോറന്റുകള്‍, ഡേ കെയര്‍ സെന്റര്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവയും ടെര്‍മിനല്‍ കെട്ടിടത്തിലുണ്ടായിരിക്കും. 450 കോടി രൂപയാണ് മതിപ്പുവില കണക്കാക്കിയിരിക്കുന്നത്.
വിമാനത്താവളത്തിനും അനുബന്ധ നിര്‍മ്മാണങ്ങള്‍ക്കുമായി 2,200 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഒന്നും രണ്ടും ഘട്ടങ്ങളിലായി 1277 ഏക്കര്‍ കിന്‍ഫ്ര മുഖേന ഏറ്റെടുത്ത് കിയാലിന് കൈമാറി. മൂന്നാംഘട്ടമായി ഇതുവരെ 783 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. റണ്‍വേ വികസനത്തിന് ഉള്‍പ്പടെയുള്ള സ്ഥലം ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ വേഗം ഈ രീതിയില്‍ തുടര്‍ന്നാല്‍ അടുത്തവര്‍ഷം ആദ്യത്തോടെ കണ്ണൂരിന്റെ വ്യോമപാത തുറന്നുകൊടുക്കും. പിന്നെ ആദ്യ ടേക്ക് ഓഫും പറക്കലും ഇരമ്പലും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉത്തരമലബാറിന്റെ വികസന കുതിപ്പിന് ഇത് സഹായകരമാവും.