കർണാടകത്തിൽ ഉറവിടമറിയാത്ത ഒമിക്രോൺ കേസുകൾ കൂടുന്നു

0

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 160 ലേക്ക്. കർണാടകത്തിൽ ഉറവിടമറിയാത്ത ഒമിക്രോൺ കേസുകൾ കൂടുന്നു. യാത്രാ ചരിത്രമില്ലാത്ത അഞ്ചു പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. മംഗളൂരു, ഭദ്രാവതി, ഉഡുപ്പി എന്നിവിടങ്ങളിലാണിത്.

ശനിയാഴ്ച മംഗളൂരുവിലെ നഴ്‌സിങ് കോളേജിലും ബന്ത്വാളിലെ റസിഡൻഷ്യൽ സ്കൂളിലുമായി അഞ്ചു വിദ്യാർഥികൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചവർ 19 ആയി. ഇതിൽ 11 പേരും യാത്രാ ചരിത്രമില്ലാത്തവരാണ്. കോവിഡ് സ്ഥിരീകരിച്ച 49 പേരുടെ സ്രവസാംപിളുകൾ ജനിതക പരിശോധനയ്ക്കയച്ചതിന്റെ ഫലം വരാനുണ്ട്.

മംഗളൂരുവിൽ ശനിയാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ച നഴ്‌സിങ് കോളേജിലെ 19 വയസ്സുള്ള വിദ്യാർഥിയാണ് പുതിയ രോഗബാധിതരിലൊരാൾ. ഈ വിദ്യാർഥിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന 42 പേരെയും ദ്വിതീയ സമ്പർക്കത്തിൽവന്ന 293 പേരെയും പരിശോധിച്ചു. 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഭദ്രാവതിയിൽ ഒരു കോളേജിലെ 20 വയസ്സുള്ള വിദ്യാർഥിനിയാണ് മറ്റൊരു ഒമിക്രോൺ ബാധിത. ഡിസംബർ നാലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹോസ്റ്റലിൽ ഐസൊലേഷനിലാണ്. സമ്പർക്കത്തിൽവന്ന 218 പേരെ പരിശോധിച്ചു. ഇതിൽ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ പകുതിയോളം പേര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. 54 പേര്‍. ഇവിടെ 28 പേര്‍ രോഗമുക്തരായി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടി ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശക്തമാക്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.