സാക്ഷര കേരളത്തില്‍ ഉയരുന്ന അക്രമ നിരക്ക്

0

നൂറു ശതമാനം സാക്ഷരത നേടിയ നാട്, സംസ്ക്കാര സമ്പന്നമായ നാട്, ദൈവത്തിന്‍റെ സ്വന്തം നാട് കേരളം. ഇന്ത്യയിലെ ഏറ്റവും  സമ്പന്നമായ അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം, നല്ല കാലാവസ്ഥ, പൊന്ന് വിളയും നിലങ്ങള്‍, ഉന്നത വിദ്യാഭ്യാസം, ഇങ്ങിനെയൊക്കെ ആണെങ്കിലും ഇന്ന് നാട്ടില്‍ നടക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും, ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍, അഴിമതികള്‍ എന്നിവയെക്കുറിച്ച് അറിയുമ്പോഴും ആരും ഭയക്കും ദൈവത്തിന്‍റെ സ്വന്തം നാടിനെ.

പത്രമൊന്നു നിവര്‍ത്തിയാല്‍ കാണാം ഹൃദയ ഭേദകമായ നിരവധി വാര്‍ത്തകള്‍.
മൂന്നു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു, ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ റയില്‍ പാളത്തില്‍ തള്ളിയിട്ടു ബലാത്സംഗം ചെയ്തു കൊന്നു, മാനസിക രോഗം ബാധിച്ച പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി, രാഷ്ട്രീയ കലഹത്തിന്‍റെ പേരില്‍ പത്തൊന്‍പതുകാരനെ കുത്തിക്കൊന്നു, ബോംബ് സ്ഫോടനത്തില്‍ യുവാവ് മരണപ്പെട്ടു, സ്ത്രീ ധനത്തിന്‍റെ പേരില്‍ അമ്മായി അമ്മയും, ഭര്‍ത്താവും പെണ്കുട്ടിയെ പീഡിപ്പിച്ചു കൊന്നു, എണ്പത് വയസ്സുള്ള സ്ത്രീയെ കുത്തി കൊന്നു ആഭരണം മോഷ്ടിച്ചു… ഇങ്ങിനെ എത്ര എത്ര വാര്‍ത്തകള്‍.

കേരളത്തില്‍ ലക്ഷത്തില്‍ 455 പേര്‍ ദിനംപ്രതി അക്രമത്തിനു ഇരയാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇത് രാജ്യത്താകമാനം നടക്കുന്ന അക്രമത്തിന്‍റെ നിരക്കിലും ഇരട്ടിയാണ്. ഇന്ത്യയില്‍, കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്, അതും കൊച്ചിയില്‍. അക്രമ നിരക്കില്‍ ബീഹാര്‍, ഉത്തര്‍ പ്രദേശ്, ബംഗാള്‍, ത്രിപുര പോലുള്ള അക്രമങ്ങള്‍ കൂടുതല്‍ ഉള്ള സംസ്ഥാനങ്ങള്‍ ഒക്കെ കേരളത്തിന് പിറകിലെ വരുന്നുള്ളൂ.

കേരള പോലീസിന്‍റെ ഒഫിഷ്യല്‍ വെബ് സൈറ്റ് പ്രകാരം 2015 ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകള്‍ ….ബലാല്സംഗം -391, ലൈംഗിക പീഡനം -1380, കൊലപാതകം -116, കലഹം -2070, മോഷണം -1518, ഭവനഭേദനം -828, കവര്ച്ച -215, പെണ്കുട്ടികളെ തട്ടിക്കൊണ്ടു പോയത് 43, കുട്ടികളെ തട്ടികൊണ്ട് പോയത് 77, ആണ്. മാത്രമല്ല ഇതിനു പുറമേ മറ്റു പല കേസുകളുടെ വിവരങ്ങളും കാണാം .

എന്ത് കൊണ്ട് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ അഴിമതിയും, ആക്രമവും പെരുകുന്നു?

ഇവിടെ വ്യക്തമായും, സ്പഷ്ടമായും എഴുതിച്ചേര്‍ത്ത നിയമങ്ങള്‍ ഉണ്ട്. പക്ഷെ നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളോ, നടപടിയെടുക്കാന്‍ പോലീസുകാരോ, നീതി നടപ്പാക്കാന്‍ ഒരു കോടതിയോ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. ഒരു കേസെങ്കിലും തെളിയിച്ചു ശിക്ഷ നടപ്പാക്കാന്‍ ഭരണകൂടവും, നിയമ പാലകരും തയ്യാറായിരുന്നെങ്കില്‍ അക്രമ നിരക്ക് ഇത്രത്തോളം ഉയരുകയില്ലായിരുന്നു. ഇവിടെ പെറ്റി കേസുകള്‍ അല്ലാതെ വേറെന്തു കേസുകളാണ് തെളിഞ്ഞിട്ടുള്ളത്? വിധി നടപ്പാക്കിയിട്ടുള്ളത്? സൗമ്യ വധകേസിലെ പ്രതിക്ക് കൊലപാതക ശിക്ഷ വിധിച്ചിട്ടു എത്രനാളായി? റയില്‍ പാളത്തില്‍ ഒരു പെണ്കുട്ടിയ പിച്ചി ചീന്തിയവനു ജയിലില്‍ സുഖവാസം, പിഞ്ചു  കുഞ്ഞുങ്ങളെ പോലും പീഡിപ്പിക്കുന്ന നരാധമന്മാരെ നിയമത്തിന്‍റെ പഴുതിലൂടെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ശിക്ഷ നല്‍കാന്‍ എന്തിനു താമസം?

കേരളത്തില്‍ ഏതു പെണ്ണിനാണ് വൈകീട്ട് ആറു മണി കഴിഞ്ഞാല്‍ വീടിനു പുറത്തു ധൈര്യത്തോടെ ഇറങ്ങാന്‍ സാധിക്കുന്നത്? സിംഗപൂര്‍ പോലുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍  പാതിരാത്രികളിലും നിരത്തിലൂടെ നടക്കുന്നു. ഒരു കുഞ്ഞു പോലും ഇവരെ ആക്രമിക്കാനോ, കളിയാക്കുവാനോ, മുതിരില്ല, കാരണം ഇവിടുത്തെ നിയമപാലകര്‍ ജാഗരൂകരാണ്. ഇവരുടെ അടിയുടെ ചൂടറിയാന്‍ ആരും തയ്യാറാകില്ല.

കേരളത്തിലെ സ്ത്രീകള്‍ക്ക് വീടിനു പുറത്തു മാത്രമാണോ അക്രമം നേരിടേണ്ടി വരുന്നത്? എണ്പത് ശതമാനം സ്ത്രീകളും വീട്ടിനകത്തും പലവിധ പീഡനങ്ങള്‍ക്കും വിധേയര്‍ എന്നുള്ളത് നഗ്ന സത്യം. പുറം ലോകമറിഞ്ഞാല്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ വലയുമെന്നറിയാവുന്നത് കൊണ്ട് എല്ലാം നിശബ്ദം സഹിക്കുന്നു എന്ന് മാത്രം. സ്ത്രീധന മരണങ്ങളും നിരവധി. ഭര്‍ത്താവിനാലും, ബന്ധുക്കളാലും പീഡിപ്പിക്കപ്പെട്ട 1354 കേസുകളാണ് ഈ വര്‍ഷം മാത്രമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് .

കേരളത്തില്‍ സൈബര്‍ ക്രൈമും കുറവല്ല. പണം തട്ടുന്നതില്‍ തുടങ്ങി അനേകം പെണ്കുട്ടികളുടെ മരണത്തിനു പോലും കാരണമായിട്ടുണ്ട് ഹൈ ടെക് ക്രൈം.

കേരളത്തിലെ മറ്റൊരു ദുരന്തമാണ് മദ്യം. സുലഭമായി ലഭിക്കുന്ന മദ്യം കൊണ്ട് എത്ര ജീവിതങ്ങളാണ് ഇല്ലാതാകുന്നത്. മദ്യ ലഹരിയില്‍ എത്ര അക്രമങ്ങള്‍… നാടിന്‍റെ പ്രധാന വരുമാനമായി കാണാതെ ഇത് നിരോധിക്കാന്‍ എന്തെ സര്‍ക്കാര്‍ തയ്യാറാകുന്നില്ല?

 ഇതിനൊക്കെ പുറമേ കൊടികളുടെയും, മതങ്ങളുടെയും പേരില്‍ തമ്മില്‍ തല്ലുന്നവരും. മനുഷ്യനന്മയ്ക്കു വേണ്ടി പണിത ചട്ടക്കൂടുകള്‍ അന്യോന്യം പിച്ചി ചീന്താന്‍ ഉള്ളതല്ല. ഭഗവത് ഗീതയോ, വിശുദ്ധ ഖുറാനോ, ബൈബിളോ പഠിപ്പിക്കുന്നത് തമ്മില്‍ തല്ലി കൊല്ലാനല്ല. മറിച്ചു സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ പാഠങ്ങളാണ്. ചുരുക്കം ചിലരുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ബലിയാടാക്കാനുള്ളതല്ല  നിരപരാധികളായ മനുഷ്യരുടെ ജീവിതം. പിഞ്ചു മനസ്സുകളില്‍ അക്രമത്തിന്‍റെ അറിവല്ല നല്കേണ്ടത്. അവരാണ് നാളത്തെ പൗരന്മാര്‍. അവരുടെ കയ്യില്‍ വാളും, ബോംബും അല്ല വച്ച് കൊടുക്കേണ്ടത്, ഹൃദയത്തില്‍ സ്നേഹത്തിന്‍റെ അറിവാണ് നിറയ്ക്കേണ്ടത്.

നിയമം കര്‍ശനമായാലേ നാട് നന്നാകുകയുള്ളൂ. അഴിമതിയും, അക്രമവും അവസാനിപ്പിക്കാന്‍ മുഖം നോക്കാതെ നിയമനടപടികള്‍ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.