ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്നു വിശേഷിപ്പിക്കപ്പെടുന്ന ധർമേന്ദ്ര പ്രതാപ് സിങ് (46) ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയിൽ (എസ്പി) ചേർന്നു. എസ്പി സംസ്ഥാന അധ്യക്ഷൻ നരേഷ് പട്ടേല്‍ ധർമേന്ദ്ര പ്രതാപിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം ധർമേന്ദ്ര പ്രതാപ് സിങ് നിൽക്കുന്ന ചിത്രവും പാർട്ടി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പാർട്ടി നയങ്ങളിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലും ഉള്ള വിശ്വാസം കൊണ്ടാണ് ധർമേന്ദ്ര പ്രതാപ് പാർട്ടിയിൽ ചേർന്നതെന്ന് എസ്പി പ്രസ്താവനയിൽ അറിയിച്ചു.
8 അടി 2 ഇഞ്ച് ഉയരമുള്ള ധർമേന്ദ്ര പ്രതാപ് സിങ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനാണ്. ഗിന്നസ് വേൾഡ് റെക്കോർഡുമുണ്ട്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ പുരുഷന്മാരിൽ ഒരാളായും ധർമേന്ദ്ര പ്രതാപിനെ കണക്കാക്കപ്പെടുന്നു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ നർഹർപുർ കാസിയാഹി ഗ്രാമവാസിയാണ് ധർമേന്ദ്ര പ്രതാപ്.
ബിരുദാനന്തര ബിരുദക്കാരനായ ധർമേന്ദ്ര പ്രതാപിന് ‘ഉയരക്കൂടുതൽ’ മൂലം ഇതുവരെ ജോലിയൊന്നും നേടാനായിട്ടില്ല. കുനിയുന്നതിനും ബുദ്ധിമുട്ടുണ്ട്. അവിവാഹിതനാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കുവേണ്ടി ധർമേന്ദ്ര പ്രതാപ് പ്രചാരണം നടത്തിയിരുന്നു.