അതിര്‍ത്തിയിലെ കൊടും തണുപ്പില്‍ സ്വന്തം നാടിനെ കാക്കാന്‍ ജീവന് പോലും നല്കാന് തയ്യാറായി നിന്ന ജവാന് മാരെ ആണ് ഇന്ത്യയുടെ ചിയാചിന് മഞ്ഞു മലകളില്‍ ഹിമപാതം ചതിച്ചത്. ഇരുപത്തിയഞ്ചു അടിയോളം ഉയരത്തില്‍ വീണ മഞ്ഞില്‍, പത്തോളം പേര്‍ക്കായുള്ള തിരച്ചിലില്‍ പ്രതീക്ഷയുടെ കണമായി ദൈവത്തിന്റെ കരങ്ങള്‍ തിരികെ കൊണ്ട് വന്ന ലാന്‍സ് നായ്ക് ഹനുമന്താപ്പ കോപ്പട് ഒരു വിസ്മമായി എങ്കിലും ജീവനു വേണ്ടി ഡോകടര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുന്നു.
മലയാളി ജവാന് സുധീഷ് ഉപ്പെടെ മറ്റു ഒന്‍പതു പേരുടെ മരണം മഞ്ഞുപാതം കവര്‍ന്നെടുത്തു. സുബേദാര്‍ മഹേഷ്, നാഗേഷ, എലുമലെ, ഗണേശന്, രാമമൂര്‍ത്തി, കുമാര്‍, സൂര്യവംശി, മുഷ്താഖ് അഹമ്മദ് എന്നിവരാണ് മരണപ്പെട്ടത്.
ഈ മാസം മൂന്നിന് ആണ് പത്തു പേര് തങ്ങിയ പോസ്റ്റിനു മേല്‍ കനത്ത ഹിമപാതം ഉണ്ടായത്. അന്ന് തുടങ്ങിയ തിരച്ചിലില്‍ ശാസ്ത്രത്തെ പോലും ഞെട്ടിച്ച് ഹനുമന്താപ്പയെ ദൈവം തിരികെ ജീവനോടെ കൊണ്ട് വന്നത്. ഇതിന്റെ ശാസ്ത്ര വശങ്ങള് വിശദീകരിക്കപ്പെടുന്നു എങ്കിലും ഇത് തികച്ചും ഭാഗ്യമാണെന്ന് തന്നെ ആരോഗ്യ വിദഗ്ദരും പറയുന്നു.
തീവ്ര പരിചരണത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണ് . ലിവര്‍, കിഡ്നി എന്നിവ പ്രവര്‍ത്തന രഹിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരതം ഒന്നാകെ ഈ ധീര ജവാന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് . ആറു ദിവസം മഞ്ഞിന് അടിയില്‍ കഴിഞ്ഞിട്ടും ജീവന്റെ തുടിപ്പ് വിടാതെ ഇരുന്നതും അത് കണ്ടെത്താനായതും ഭാഗ്യമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു.
ജീവന്റെ ആ തുടിപ്പിനെ തിരിച്ചറിയാന്‍ വലിയ സഹായം നല്‍കിയത് ഇന്ത്യന്‍ ആര്‍മിയിലെ റസ്ക്യു നായകള്‍ ആയ മിഷയും, ഡോട്ടും ആണ്. പിന്നീട് മനുഷ്യനും യന്ത്രങ്ങളും ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്നും 19500 അടി ഉയരത്തിലെ സിയാച്ചിന്‍ ഗ്ലാസിയറില്‍ ഒരു ജീവന് വേണ്ടി മറ്റൊരു പടവെട്ടി. 150 ജവാന്മാര്, ഡോട്ടും മിഷയും, സ്പെഷ്യല്‍ റഡാറുകള്‍, ഹെലികോപ്റ്ററില്‍ എത്തിച്ച ഐസ്-കട്ടറുകള്‍ ഇവയെല്ലാം കൂട്ടായി ആ രക്ഷാ യഗ്നത്തിന്. മുപ്പതു അടി കോണ്‍ക്രീറ്റ് ബലമുള്ള ഐസ് മുറിച്ചു മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ മറ്റാരെയും ജീവനോടെ കിട്ടിയില്ല.
കടുത്ത ഹിമാക്കാറ്റ് അടിക്കുന്ന ഇവിടെ ഹെലികൊപ്റ്ററില്‍ എത്തുക പോലും പ്രയാസമാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ചീറ്റ, എം ഐ 17 വി 5 തുടങ്ങിയവ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. പകല്‍ മൈനസ് 25 രാത്രി അത് 55 വരെയും പോകുന്ന ഇവിടെ സൈനികര്‍ ഹിമപാതത്തില്‍ മുന്‍പും മരണപ്പെട്ടിട്ടുണ്ട്.
ഒരു രാഷ്ട്രത്തിന്റെ സുരക്ഷക്കായി കൊടും തണുപ്പില്‍ മരണം മുന്നില്‍ കണ്ടു ജീവിക്കുന്ന പട്ടാളക്കാരുടെ ജീവനും ജീവിതത്തിനും നാം നല്കുന്ന വിലയെന്താണ്?. അവരെ വേണ്ട പോലെ ആദരിക്കാനും അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്താണ് ചെയ്യുന്നത്?. സമൂഹത്തില്‍ അനുയോജ്യമായ അംഗീകാരവും ആനുകൂല്യവും നല്കുവാനും നമ്മള് മുന്‍ കൈ എടുക്കണം. വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്ത പടക്കുമ്പോള്‍ ഈ വാര്‍ത്തകള്‍ മറക്കുന്ന മാധ്യമങ്ങള്‍, കൊള്ളയും കൊലയും കോഴയും കൊണ്ട് നടക്കുന്ന രക്ഷ്ട്രീയക്കാര്‍, വലിയ വായില്‍ തത്ത്വശാസ്ത്രം വിളമ്പുന്ന മാന്യമഹാജനങ്ങള്‍ ഒന്നോര്‍ക്കണം നമ്മെ കാക്കാന്‍ ഒരു കൂട്ടം മഞ്ഞിലും മഴയിലും കാട്ടിലും മരുഭൂമിയിലും തോക്കിലും ബോംബിലും, നല്ല ആഹാരമോ വെള്ളമോ ഉറക്കമോ ഇല്ലാതെ പാടുപെടുന്നു. അവരെ സമൂഹത്തില്‍ ആദരിച്ചില്ലെങ്കിലും അപമാനിക്കാതെ ഇരിക്കാനും, മരണം കാര്‍ന്നു തിന്നുന്ന ഇവരുടെ കുടുംബങ്ങളെ ബഹുമാനത്തോടെ സംരക്ഷിക്കാനും നമുക്ക് നിയമവും സംവിധാനവും വേണം.
ഓരോ ജവാന്റെ ജീവനും നാമെല്ലാം കടപ്പെട്ടിരിക്കുന്നു. അവരില്‍ ഒരാള്‍ നഷ്ടപെട്ടാല്‍, ആ ദുഖത്തില്‍ പങ്കു ചേരണം, ആ കുടുംബത്തെ ആശ്വസിപ്പിക്കണം, അവരുടെ കുടുബത്തിന് താങ്ങാവണം.