ന്യൂഡൽഹി: കൊവിഡ് കെടുതികൾ അതിജീവിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരനെ എരിതീയിലിട്ട ഇന്ധനവില വർദ്ധനയ്ക്ക് പിന്നാലെ മറ്റൊരു മാരക പ്രഹരമായി എണ്ണൂറോളം ജീവൻ രക്ഷാ മരുന്നുകൾക്കും വില കൂട്ടി. ഏപ്രിൽ ഒന്നുമുതൽ പത്ത് ശതമാനമാണ് വർദ്ധിക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാൻ സഹായിച്ച, പനിക്കുള്ള പാരസെറ്റമോളിനും ബാക്ടീരിയ ബാധയ്ക്കുള്ള അസിത്രോമൈസിനും വേദനസംഹാരികൾക്കും വരെ വിലകൂടും. അണുബാധ, ഹൃദ്രോഗം, രക്തസമ്മർദ്ദം, ചർമ്മരോഗങ്ങൾ, വിളർച്ച തുടങ്ങിയവയുടെ മരുന്നുകൾക്കും കഫക്കെട്ടിന് അടക്കം ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾക്കും ചൊറി, ചിരങ്ങ് തുടങ്ങിയവയ്ക്കുള്ള ആന്റിഫംഗൽ മരുന്നുകൾക്കും വാക്സിനുകൾക്കും ഒാക്സിജൻ സിലിണ്ടറുകൾക്കും ഗർഭനിരോധന ഉറകൾക്കും വില കൂടും.
മരുന്നുകളുടെ വില നിശ്ചയിക്കുന്ന ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി 2021വർഷത്തെ മൊത്ത വിലസൂചിക 10.7 ശതമാനം വർദ്ധിപ്പിച്ചതാണ് വില കൂടാൻ കാരണം. മുഖ്യസാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് മൊത്ത വിലസൂചിക 10.76ശതമാനം വർദ്ധിപ്പിച്ചത്.
റഷ്യൻ അധിനിവേശത്തെ തുടർന്ന് കയറ്റുമതി തടസപ്പെട്ടത് ഇന്ത്യയിലെ ഫാർമ കമ്പനികളെ ബാധിച്ചിട്ടുണ്ട്. ചൈനയിൽ നിന്നും മറ്റുമുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതും ഇന്ത്യയിലെ മരുന്ന് വ്യവസായത്തെ പിന്നോട്ടടിച്ചു. വില കൂടാൻ ഇവ കാരണമായോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
പാരസെറ്റമോൾ, സിട്രസിൻ, അമോക്സിസിലിൻ, ആംപിസിലിൻ, റാനിറ്റിഡിൻ, ഫിനോബാർബിറ്റോൺ, ഫെനിറ്റോയിൻ സോഡിയം, സിപ്രോഫ്ളൊക്സാസിൻ, മെട്രോണിഡാസോൾ, ആന്റി ടെറ്റനസ് ഇമ്മ്യൂണോ ഗ്ളോബുലിൻ, റാബീസ് വാക്സിൻ, ബി.സി.ജി വാക്സിൻ, ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ, മീസിൽസ് വാക്സിൻ, ജപ്പാൻ ജ്വര വാക്സിൻ, പൊട്ടാസ്യം ക്ളോറൈഡ്, പൊട്ടാസ്യം പെർമാംഗനേറ്റ്, ഐബുപ്രോഫെൻ, ഡൈക്ളോഫെനാക്, ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ളൂക്കോസ്, ഫോളിക് ആസിഡ്, ഗർഭനിരോധന ഉറകൾ, സ്നേക്ക് വെനം ആന്റി സിറം, മഗ്നീഷ്യം സൾഫേറ്റ്, റിഫാംപിസിൻ, ഇൻസുലിൻ, മെറ്റ്ഫോർമിൻ.
നിത്യേന ഉപയോഗിക്കുന്ന മരുന്നുകൾക്ക് 10.7ശതമാനം വിലവർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതലായി വിൽക്കുന്ന ചില മരുന്നുകളുടെ നിലവിലെ വിലയും പുതുക്കിയ വിലയും.
- കൊളസ്ട്രോൾ – ASTRON 10MG (atorvastatin) – 15 എണ്ണം- ഒരു സ്ട്രിപ്പ് 92.34രൂപ …102.22 രൂപ
- ഷുഗർ – GLYREE (glimepiride) 1MG- 10 എണ്ണം- 40രൂപ – 44.28 രൂപ
- ബി.പി – AMLOPRESS (amlodipine) 30 എണ്ണം – 87.69രൂപ -97.07 രൂപ
- ന്യൂറോ രോഗങ്ങൾ- LEVIPIL (amlodipine) 500MG- 10 എണ്ണം – 132.70 രൂപ- 146.89 രൂപ
- അലർജി,തുമ്മൽ – CETZINE- (cetirizine hydrochloride) -15 എണ്ണം- 27.55രൂപ- 30.49രൂപ