കോവിഡ് മഹാമാരിയിൽപെട്ടുലഞ്ഞ രണ്ടു വർഷങ്ങൾക്കുശേഷം തിരിച്ചെത്തുന്ന തൃശൂരിന്റെ പൊൻപൂരത്തിന് ഇന്നു കൊടിയേറ്റം. പൂരത്തിന്റെ മുഖ്യ പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും ഘടകക്ഷേത്രങ്ങളിലുമായാണു വ്യത്യസ്ത സമയങ്ങളിൽ കൊടിയേറ്റം. പാറമേക്കാവ് ക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനും 10.30നും മധ്യേയാണു കൊടിയേറ്റ്. വലിയപാണിക്കു ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷി നിര്‍ത്തി ദേശക്കാര്‍ കൊടി ഉയര്‍ത്തും.
ചെമ്പില്‍ കുട്ടനാശാരി നിർമിച്ച കവുങ്ങിന് കൊടി മരം ആലിലയും മാവിലയും ദർഭപ്പുല്ലും ഉപയോഗിച്ച് അലങ്കരിക്കും. ക്ഷേത്രത്തില്‍ നിന്ന് നല്കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിയുയര്‍ത്തുക. തുടർന്നു ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തും. പാറമേക്കാവ് ശ്രീപത്മനാഭന് ഭഗവതിയുടെ തിടമ്പേറ്റും. അഞ്ച് ഗജവീരന്മാർ പങ്കെടുക്കുന്ന എഴുന്നള്ളിപ്പിനുശേഷം ഭഗവതിക്ക് വടക്കുന്നാഥ ക്ഷേത്രം കൊക്കര്‍ണിയില്‍ തന്ത്രിയുടെ കാർമികത്വത്തില്‍ ആറാട്ടും നടക്കും.
തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30നും 10.55നും ഇടയ്ക്കുമാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ ആശാരി ഗൃഹത്തില്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ കവുങ്ങ് ചെത്തി മിനുക്കി കൊടിമരം നിർമിച്ചശേഷം ഭൂമിപൂജ നടത്തും. തുടര്‍ന്ന് ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി നാട്ടുകാര്‍ ചേര്‍ന്ന് കൊടിയേറ്റം നടത്തും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് ക്ഷേത്രത്തില്‍ നിന്നുള്ള പൂരംപുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരന് ഭഗവതിയുടെ തിടമ്പേറ്റും.
3.30ന് എഴുന്നെള്ളിപ്പ് നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും കൊടി ഉയര്‍ത്തും. ശ്രീകൃഷ്ണന്റേയും ശ്രീഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീല, മഞ്ഞ നിറങ്ങളിലുള്ള കൊടികളാണ് ഉയര്‍ത്തുക. ഈ സമയം ആചാരവെടി മുഴങ്ങും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാട്ട് കഴിഞ്ഞ് വൈകീട്ട് അഞ്ചോടെ ഭഗവതി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളും.
പൂരത്തില്‍ പങ്കെടുക്കുന്ന ലാലൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കോട്ടുകാവ്, നെയ്തലക്കാവ് എന്നീ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് വിവിധ സമയങ്ങളില്‍ കൊടിയേറ്റം നടക്കും.